scorecardresearch

അന്ത്യോദയക്കും സ്റ്റോപ്പില്ല; കാസർഗോഡിനോട് റെയിൽവേ നീതികേട് കാട്ടുന്നോ?

ആഴ്‌ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്‌പ്രസിന്റെ എല്ലാ കോച്ചും ജനറൽ കോച്ചാണ്

ആഴ്‌ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്‌പ്രസിന്റെ എല്ലാ കോച്ചും ജനറൽ കോച്ചാണ്

author-image
Kiran Gangadharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
അന്ത്യോദയക്കും സ്റ്റോപ്പില്ല; കാസർഗോഡിനോട് റെയിൽവേ നീതികേട് കാട്ടുന്നോ?

കാസർകോട്: മംഗലാപുരത്ത് നിന്നും കൊച്ചുവേളിയിലേക്കുളള അന്ത്യോദയ എക്‌സ്പ്രസാണ് ഇപ്പോൾ അത്യുത്തര കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. മംഗലാപുരത്ത് നിന്നും അതിവേഗം കൊച്ചുവേളിയിലെത്തുന്ന വണ്ടിക്ക് സ്റ്റോപ്പ് നിഷേധിക്കപ്പെട്ടവയിൽ കാസർകോടും ഉണ്ട്.

Advertisment

മറ്റ് ജില്ലകളെ പോലെയല്ല കാസർകോട്. ഷൊർണ്ണൂർ കടന്ന് പോകുന്ന എല്ലാ ട്രെയിനുകളും കേരളത്തിലെ ഈ വടക്കൻ ജില്ലയിലേക്ക് എത്താറില്ല. മിക്ക ട്രെയിനുകളും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. ജനശതാബ്‌ദിയും, ശതാബ്‌ദി എക്‌സ്പ്രസും, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും തുടങ്ങി ആ പട്ടികയിലുളള തീവണ്ടികളുടെ എണ്ണം നീണ്ടു പോകും.

അതിനിടയിലാണ് പെട്ടെന്നൊരുനാൾ റെയിൽവേ ഒരു ട്രെയിൻ പുതിയതായി പ്രഖ്യാപിക്കുന്നത്. അന്ത്യോദയ എക്‌സ്പ്രസ്. എല്ലാ കോച്ചും ജനറൽ കോച്ച്. സെക്കന്റ് ക്ലാസ് ടിക്കറ്റ് നിരക്ക് മാത്രം. വാർത്തയറിഞ്ഞ് സന്തോഷിച്ച കാസർകോടുകാർക്ക് പക്ഷെ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ മൂക്കത്ത് വിരൽ വയ്‌ക്കേണ്ടി വന്നു. മംഗലാപുരവുമായി ഏറെ അടുത്ത് കിടക്കുന്ന കാസർകോടിന് സ്റ്റോപ്പ് ലഭിച്ചില്ല.

വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ ട്രെയിൻ മംഗലാപുരത്ത് നിന്ന് കൊച്ചുവേളിക്ക് സർവ്വീസ് നടത്തുന്നത്.  മംഗലാപുരം ജംങ്ഷനിൽ നിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന ട്രെയിൻ 137 കിലോമീറ്റർ സഞ്ചരിച്ച് രാത്രി 10.15 ന് കണ്ണൂരിലാണ് പിന്നെ നിർത്തുക. ഇവിടം വിട്ടാൽ കോഴിക്കോട് (11.35 pm). അത് കഴിഞ്ഞാൽ ഷൊർണ്ണൂരും (1.30 am), തൃശ്ശൂരും (2.35 am), എറണാകുളവും (4.05 am). പിന്നെ നിർത്തുക കൊല്ലത്താണ് (6.30 am). അതു കഴിഞ്ഞാൽ കൊച്ചുവേളി (8.15 am).

Advertisment

കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെയിൻ യാത്ര നടത്തുക. കൊച്ചുവേളിയിൽ നിന്ന് രാത്രി 9.30 ന് പുറപ്പെടുന്ന വണ്ടി കൊല്ലം (10.25), എറണാകുളം (12.45 am), തൃശ്ശൂർ (2.06 am), ഷൊർണ്ണൂർ (2.50 am), കോഴിക്കോട് (4.30 am), കണ്ണൂർ (6.15 am) എന്നീ സ്റ്റേഷനുകൾ പിന്നിട്ട് മംഗലാപുരത്ത് രാവിലെ 9.15 ന് യാത്ര അവസാനിപ്പിക്കും.

മലപ്പുറത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലോ, ആലപ്പുഴയിലോ, കായംകുളത്തോ ട്രെയിനിന് സ്റ്റോപ്പില്ല. എന്നാൽ ഇവിടുത്തുകാരെ പോലല്ല. കാസർകോടിന് ഇതൊരു വൈകാരിക ദുഃഖമാണ്. എന്നാൽ പിന്നെ ഞങ്ങളെയങ്ങ് കർണ്ണാടകത്തിന് കൊടുത്തുകൂടേയെന്ന് പാതി കളിയായും പാതി കാര്യമായും ചോദിക്കുന്നുണ്ട് ഈ നാട്ടുകാർ. ട്രെയിനിന് സ്റ്റോപ്പില്ലെന്നറിഞ്ഞതോടെ ജില്ലയിൽ പ്രധാന ശക്തികളായ മുസ്‌ലിം ലീഗും സിപിഎമ്മും സമരവും പ്രഖ്യാപിച്ചു.

publive-image മുസ്ലിം ലീഗ് പ്രവർത്തകർ കാസർകോട് അന്ത്യോദയ എക്‌സ്‌പ്രസ് തടഞ്ഞപ്പോൾ

കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞ് സമരം നടത്തി. കൂട്ടത്തിൽ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ഒരാഹ്വാനവും നടത്തി എംഎൽഎ. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം ചെയ്യാനൊരുങ്ങുകയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കരുണാകരൻ എംപി.

എന്തുകൊണ്ട് അന്ത്യോദയക്ക് സ്റ്റോപ്പില്ല?

2009 ലാണ് മംഗലാപുരത്തെയും തിരുവനന്തപുരത്തെയും ബന്ധിപ്പിച്ച് ഒരു തീവണ്ടി വേണമെന്ന ആവശ്യം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്. അന്ന് കേരളത്തിലെ എംപിമാരെല്ലാം കൂട്ടായി ഉന്നയിച്ച ആവശ്യത്തിന് യുപിഎ സർക്കാർ പച്ചക്കൊടി കാട്ടി. ഈ ആവശ്യമാണ് അന്ത്യോദയ എക്‌സ്പ്രസായി വന്നത്.

"റെയിൽവേ ബോർഡാണ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ തീരുമാനിക്കുന്നത്. ഡിവിഷന് ഈ കാര്യത്തിൽ ഇടപെടാൻ സാധിക്കില്ല. ഏതെങ്കിലും മേഖലയിൽ നിന്ന് സ്റ്റോപ്പ് ആവശ്യപ്പെട്ട് കത്ത് ലഭിച്ചാൽ അത് ബോർഡിന് കൈമാറാം എന്നല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല," തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പിആർഒ ഷെബി കെ.ലാൽ പറഞ്ഞു.

publive-image പി കരുണാകരൻ എംപി

ഈ കാര്യം ശരിയാണെന്ന് കാസർകോട് നിന്നുളള പാർലമെന്റംഗവും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ പി.കരുണാകരൻ പറഞ്ഞു. "ബോർഡ് അന്ത്യോദയ എക്‌സ്പ്രസിന്റെ സ്റ്റോപ്പ് തീരുമാനിച്ചത് രാജധാനി എക്‌സ്‌പ്രസിന്റെ സ്റ്റോപ്പ് നോക്കിയാണ്. ഇതൊന്നും ജനപ്രതിനിധികളോട് ആലോചിക്കാറില്ല. അതൊരു വിരോധാഭാസമാണ്. കാസർകോടിന് മാത്രമല്ല സ്റ്റോപ്പ് ലഭിക്കാതിരുന്നത്. നാല് ജില്ലകളാണ് ഒഴിവാക്കപ്പെട്ടത്. ജില്ല ആസ്ഥാനം എന്ന നിലയിൽ കാസർകോടും മറ്റ് നാലിടത്തും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനെയും റെയിൽവേ മന്ത്രിയെയും ചെന്നൈ സോണൽ തലവനെയും കണ്ടിരുന്നു. അവർക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ഒന്നിനകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അവിടെ ഞാൻ തന്നെ നേരിട്ട് സമരം ചെയ്യും," കരുണാകരൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

എന്നാൽ റെയിൽവേ ജില്ലയെ തീർത്തും അവഗണിക്കുകയല്ലെന്ന് എംപി പറഞ്ഞു. "ഈ പാർലമെന്റ് മണ്ഡലത്തിൽ 17 റെയിൽവേ സ്റ്റേഷനുകളാണ് ഉളളത്. കാസർകോട് എംഎൽഎയുടെ വീടിന് മുന്നിലുളള അണ്ടർപാസേജ് എന്റെ ഇടപെടലിലൂടെ യാഥാർത്ഥ്യമായതാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ ഓവർബ്രിഡ്‌ജ് നിർമ്മാണം തുടങ്ങി. കാഞ്ഞങ്ങാട് പുതിയ ഓവർബ്രിഡ്‌ജിന് തറക്കല്ലിട്ടു. ഇതിന് പുറമെ അഞ്ച് മേൽപ്പാലങ്ങളാണ് ഈ ലോക്‌സഭ മണ്ഡലത്തിൽ മാത്രം നിർമ്മിക്കുന്നത്. 1750 കോടിയുടെ കാഞ്ഞങ്ങാട് - കണിയൂർ പാതയ്‌ക്ക് സംസ്ഥാന സർക്കാർ കൂടി നിക്ഷേപം നടത്തണമെന്നതാണ് തർക്കമായിരിക്കുന്നത്," അടിസ്ഥാന സൗകര്യ മേഖലയിൽ കാസർകോടിന് ലഭിച്ച റെയിൽവേ പങ്കിനെ കുറിച്ച് പാർലമെന്റംഗം വിശദീകരിച്ചു.

publive-image എൻഎ നെല്ലിക്കുന്ന് എംഎൽഎ അപായ ചങ്ങല വലിച്ച് ട്രയിൻ നിർത്തിക്കുന്നു

ഇതൊരു വൈകാരിക പ്രതിഷേധമാണെന്ന് പറയുന്നതിന്റെ കാരണങ്ങളാണ് കാസർകോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എൻ.എ.നെല്ലിക്കുന്ന് ഉയർത്തിക്കാട്ടിയത്. "കാസർകോട് ജില്ലയിൽ നിർത്താത്ത ആറാമത്തെ ട്രെയിനാണിത്. പല ട്രെയിനുകളും കണ്ണൂരിന് ഇപ്പുറത്തേക്ക് വരാറില്ല. അന്ത്യോദയ എക്‌സ്‌പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും പാലക്കാട് ഡിവിഷണൽ മാനേജർക്കും  കത്തയച്ചിരുന്നു.  ഇതിന് മുൻപ് സ്റ്റോപ്പ് ലഭിക്കാത്ത അഞ്ച് ട്രെയിനുകളുടെയും കാര്യത്തിൽ പലവട്ടം റെയിൽവേ ബോർഡംഗങ്ങൾക്കും, എന്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം കത്തയച്ചു. ഒന്നിലും ഒരു നടപടിയില്ല," അദ്ദേഹം വ്യക്തമാക്കി.

എന്നാൽ "അവിടെയും ഇവിടെയും കത്തയച്ചത് കൊണ്ടോ ട്രെയിൻ തടഞ്ഞത് കൊണ്ടോ ഒന്നും സാധിക്കില്ല. കാണേണ്ട ആളുകളെ നേരിട്ട് കാണണം. റെയിൽവേ ബോർഡ് ചെയർമാനെയും സോണൽ തലവനെയും ഞാൻ കണ്ടിട്ടുണ്ട്. റെയിൽവേ മന്ത്രിയോട് അല്ലാതെയും കാര്യം പറഞ്ഞിട്ടുണ്ട്. ഫലം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ," എംഎൽഎയെ പരോക്ഷമായി വിമർശിച്ച് എംപി പി.കരുണാകരൻ പറഞ്ഞു.

കാസർകോട് ജില്ലയിൽ രണ്ട് എ ക്ലാസ് റെയിൽവേ സ്റ്റേഷനുകളാണ് ഉളളത്. എന്നാൽ ജില്ല ആസ്ഥാനമെന്ന നിലയിൽ കാസർകോടിനാണ് പ്രാധാന്യം എന്ന് എംഎൽഎ പറഞ്ഞു. ട്രെയിൻ നിർത്താത്ത സാഹചര്യത്തിൽ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കാനും ഇദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ നിന്നുളള രാജ്യസഭാംഗം വി.മുരളീധരൻ ആലപ്പുഴയിൽ അന്ത്യോദയ എക്‌സ്‌പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം കാസർകോട് നിന്നുളള പ്രതിനിധികളുടെ നിവേദനവും സ്വീകരിച്ചിരുന്നു.

Indian Railway Kasargod Mp Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: