തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ രാജിവെയ്ക്കേണ്ടി വന്ന ഫോൺവിവാദത്തിൽ ചാനൽ മേധാവി അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ ഇവരെ 12 മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ആദ്യവിവരം.

ചാനൽ സി ഇ ഒ അജിത്കുമാർ​ഉൾപ്പടെയുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മറ്റ് പ്രതികളോട് പിന്നീട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയച്ചു.

അറസ്റ്റിലായവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ഒന്പത് പേരിൽ രണ്ടു പേരെ രാവിലെയും രണ്ടു പേരെ വൈകുന്നേരവും വിട്ടയച്ചിരുന്നു. മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനു ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയാനാവില്ലെന്ന കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.​ ഈ​ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. അതേ സമയം ചാനൽ ചെയർമാനും ഫോണിൽ മന്ത്രിയോട് സംസാരിച്ച വ്യക്തിയും ഹാജരായിട്ടില്ല.

ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത് ഇവരുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്നു ചാനല്‍ മേധാവി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ടിവി ചാനൽ ഓഫിസിൽ പരിശോധന നടത്തിയിരുന്നു. റജിസ്ട്രേഷൻ സംബന്ധിച്ച രേഖകളും ലൈസൻസ് വിവരങ്ങളും വാർത്ത സംപ്രേഷണം ചെയ്തതിന്റെ ഹാർഡ് ഡിസ്കും പെൻഡ്രൈവും പൊലീസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

മാർച്ച് 26 ന് രാവിലെയാണ് ചാനൽ വിവാദ ഫോൺ​സംഭാഷണം പുറത്തുവിട്ടത്. മന്ത്രി ശശീന്ദ്രൻ വീട്ടമ്മയോട് നടത്തിയ സംഭാഷണമെന്ന് പറഞ്ഞായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്. അന്ന് വൈകുന്നേരത്തോടെ മന്ത്രി രാജിവച്ചു. മന്ത്രി തന്നെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വിഷയംവിവാദമായി. മാധ്യമപ്രവർത്തകർ തന്നെ ചാനലിന്റെ പ്രവർത്തനത്തിനെതിരെ രംഗത്തെത്തി.

സർക്കാർ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരും സാംസ്കാരികപ്രവർത്തകരും ചാനലിന്റെ പ്രവർത്തനത്തിനതെരിായ രംഗത്തു വന്നു. പിന്നീട് അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയമിച്ചു. അന്ന് രാത്രിയോടെ ചാനൽ മേധാവി തങ്ങൾക്കു തെറ്റുപറ്റിയെന്ന് ചാനലിലുടെ ഖേദം പ്രകടിപ്പിച്ചു. വീട്ടമ്മയല്ല വിളിച്ചതെന്നും ചാനലിലെ മാധ്യമപ്രവർത്തകയാണെന്നും അത് സ്റ്റിങ് ഓപ്പറേഷനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതോടെ കൂടുതൽ വിവാദമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ