എറണാകുളം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോൺ വിവാദത്തെത്തുടർന്ന് അറസ്റ്റിലായ മംഗളം ചാനൽ സിഇഒ അജിത്ത് കുമാറിന് കോടതി ജാമ്യം നിഷേധിച്ചു. അജിത്ത് കുമാറിനെക്കൂടാതെ സീനിയർ റിപ്പോർട്ടർ ജയചന്ദ്രനും കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ കേസിലെ 3 മുതൽ ഒമ്പത് വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ്‌വി പ്രദീപ്, എംബി സന്തോഷ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളായ ലക്ഷ്മി കെ മനോജ്, മഞ്ജിത് വര്‍മ, ഋഷി കെ മേനോന്‍, സാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

ദുരുദ്ദേശത്തോട് കൂടിയാണ് ഈ വാർത്ത സംപ്രക്ഷേണം ചെയ്തതതെന്ന പൊലീസ് നിരീക്ഷണം കോടതി ശരിവെച്ചു. റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ ഒറിജിനല്‍ ലഭിക്കാത്തതിനാലാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. അത് ലഭിക്കുന്നത് വരെ ഇവര്‍ക്ക് ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി നിരീക്ഷിച്ചു.തന്രെ ഫോണും ലാപ്പ്ടോപ്പും കാണുന്നില്ല എന്ന ചാനൽ മേധാവി അജിത്ത് കുമാറിന്റെ വാദം വിശ്വസിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുജീബ് റഹ്മാന്‍, അഭിഭാഷക ശ്രീജ തുളസി എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോണ്‍വിളി വിവാദത്തില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എകെ ശശീന്ദ്രനെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കിയ സംഭവത്തില്‍ മംഗളം ചാനല്‍ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു. മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി. ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫെയ്‌സ്ബുക്ക് വഴി പരസ്യപ്പെടുത്തിയതിനും മംഗളം ചാനലിനെതിരെ കേസുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ