കോഴിക്കോട്: ഫോൺകെണി വിവാദത്തിൽ മംഗളം ചാനലിൽ രാജി തുടരുന്നു. ഇതുവരെ മാധ്യമ പ്രവർത്തകരാണ് രാജിവച്ചതെങ്കിൽ ഇപ്പോൾ അതും കടന്ന് രാജി ധാർമ്മിക പ്രവർത്തനമായി മറ്റ് ജീവനക്കാരും ആ വഴി തിരഞ്ഞെടുക്കുന്നു എന്ന് സൂചന നൽകി മാധ്യമപ്രവർത്തനകനല്ലാത്ത ജീവനക്കാരനാണ് പുതുതായി രാജിവച്ചത്.

മംഗളം ചാനലിലെ കോഴിക്കോട് ബ്യൂറോയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സാജൻ എ.കെയാണ് ഫെയ്സ്‌ബുക്കിലൂടെ അധാർമ്മികതയ്ക്കു വളയം പിടിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് രാജിവച്ചത്. മാധ്യമപ്രവർത്തകനല്ലെങ്കിലും അവരോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയിട്ട് പതിമൂന്ന് വർഷത്തോളമായി. ഇന്ത്യാവിഷനിൽ തുടങ്ങിയ ജോലി മംഗളത്തിലെത്തിയത് നാല് മാസം മുമ്പാണ്. മാധ്യമ പ്രവർത്തകനല്ലെങ്കിലും ഇതല്ല മാധ്യമപ്രവർത്തനമെന്ന ഉത്തമബോധ്യമുണ്ട്. മാധ്യമ പ്രവർത്തകർക്കപ്പുറം എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ഈ പ്രതിച്ഛായയിൽ ജോലി ചെയ്യുന്നത് അസഹനീയമാണ്. അങ്ങനെയുളള ഒരാളായി ഞാൻ ഈ പടിയിറങ്ങുകയാണ്. ഇത്രയും ദിവസം നിങ്ങളുടെ പക്ഷത്ത് അൽപ്പമെങ്കിലും ശരി ഉണ്ടെന്ന് കരുതിയിരുന്നു.

ഇനി എന്താണെന്നറിയില്ല. പക്ഷെ ഈ പ്രതിച്ഛായയുടെ തണലിൽ നിന്നുകൊണ്ടുള്ള ശന്പളം വാങ്ങാൻ എനിക്കാവില്ല. പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. ആത്മാഭിമാനമായിരുന്നു കൈമുതൽ. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്ബൈ. സാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എഴുതുന്നു. മംഗളത്തിലെ നല്ലവരായ തൊഴിലാളികളോട് നന്ദി മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ ഇന്ത്യാ വിഷനിൽ ജോലി ചെയ്തിരുന്ന സാജൻ കഴിഞ്ഞ നാല് മാസമായി കോഴിക്കോട് ബ്യൂറോയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യാവിഷനിലെ ജീവനക്കാർക്ക് ഏറെ മാസം ശമ്പളം കൊടുക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ ഡോ എം.കെ.മുനീറിനെതിരെ കോഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പിൽ സാജൻ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ജയിക്കാനല്ല മത്സരം, ജോലിക്ക് കൂലി അതല്ലേ നന്മ, നല്ല തൊഴിലാളിക്ക് ഒരു വോട്ട് എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സാജൻ മുനീറിനെതിരായി മത്സരിച്ചത്. അന്ന് സാജൻ ഉന്നയിച്ച വിഷയങ്ങൾ കോഴിക്കോട് ചർച്ചയായിരുന്നു പ്രത്യേകിച്ച് തൊഴിൽ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കിടയാണ് ഈ വിഷയം ചർച്ചയായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ