തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കാനും പുതിയ വിഗ്രഹപ്രതിഷ്ഠ നടത്താനും സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി. ഇക്കഴിഞ്ഞ മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മംഗളാദേവി ക്ഷേത്രം അടിയന്തരമായി പുനരുദ്ധരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു.
ഇതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. അത് പരിഗണിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തിലാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാനും തീരുമാനമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും വനം, റവന്യൂ, ദേവസ്വം വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തില്‍ കേന്ദ്രപുരാവസ്തു വകുപ്പുമായി സഹകരിച്ച് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. വിശേഷദിവസങ്ങളില്‍ ആരാധനയ്ക്കും ദര്‍ശനത്തിനുമുള്ള സൗകര്യം ഒരുക്കാനും യോഗം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.
അതേസമയം, കേരള സര്‍ക്കാരിന്റെ പുതിയ നടപടികളെ തമിഴ്‌നാട് എങ്ങനെയാവും സമീപിക്കുകയെന്ന ചോദ്യവും ഉയരുന്നുണ്ട്. മുല്ലപ്പെരിയാര്‍ പോലെ വൈകാരിക വിഷയമായി മംഗളാദേവി ക്ഷേത്രത്തെയും കാണുന്ന തമിഴ്‌നാട് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്രത്തോളം അനുവദിക്കുമെന്നതിലും ആശങ്കയുണ്ട്.
മംഗളാ ദേവി ക്ഷേത്രത്തിലെ ഉത്സവം കൂടുതല്‍ ദിവസം നടത്തണമെന്നും വര്‍ഷം തോറും മുഴുവന്‍ സമയം ആരാധനയ്ക്കായി ക്ഷേത്രം തുറന്നു നല്‍കണമെന്നുമാണ് തമിഴ്‌നാട് എക്കാലവും ആവശ്യപ്പെടുന്നത്. നിലവില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ചിത്രാപൗര്‍ണമി ഉത്സവമാകട്ടെ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെയും കേരളത്തിലെയും തമിഴ്‌നാട്ടിലെയും കണ്ണകി ട്രസ്റ്റിന്റെ പങ്കാളിത്തത്തിലുമാണ് നടത്തുന്നത്. ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തുന്ന തീര്‍ഥാടകരില്‍ നല്ലൊരു പങ്കും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.
അതേസമയം, മംഗളാദേവി ക്ഷേത്രത്തെ ഭാവിയില്‍ ശബരിമല പോലുള്ള ലോകോത്തര തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു 13 കിലോമീറ്റര്‍ദൂരം വനത്തിനുള്ളില്‍കൂടി സഞ്ചരിച്ചാലാണ് മംഗളാദേവി ക്ഷേത്രത്തിലെത്തുക. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രത്തിലേക്ക് ട്രിപ്പ് ജീപ്പുകള്‍ സര്‍വീസ് നടത്തും. കാല്‍നടയായും വിശ്വാസികളെത്താറുണ്ട്. തമിഴ്‌നാടിന്റെ എതിര്‍പ്പിനു പുറമേ കടുവാ സങ്കേതത്തിന്റെ ഭാഗമായതിനാല്‍ കടുവാ സങ്കേതത്തിനുള്ളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അനുമതിയും വേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.