പമ്പ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മുതലാണ് തീര്‍ത്ഥാടകരെ നിലയ്ക്കലില്‍നിന്ന് കടത്തി വിട്ടു തുടങ്ങിയത്. പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് പ്രവേശനം. ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പയില്‍ സ്നാനത്തിന് അനുമതിയില്ല. കാനന പാതയിലൂടെയുള്ള യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഉന്നതതല യോഗം ചേരും. മന്ത്രി സന്നിധാനത്ത് നേരിട്ടെത്തിയാണ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്.

പ്രതിദിനം 30,000 പേരെ പ്രവേശിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കാനാണ് നിര്‍ദേശം. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം.
ഇന്നലെ വൈകിട്ടാണ് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നത്. ദർശനത്തിന് എത്തുന്നവർ ആർടിപിസിആർ പരിശോധനാ നെഗറ്റീവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈയില്‍ കരുതണം.