കോട്ടയം: മണര്‍കാട് കസ്റ്റഡി ആത്മഹത്യയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എസ്‌ഐ പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ സിഐ കെ.ഷിജി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ.പാര്‍ത്ഥസാരഥി പിള്ള നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അരീപ്പറമ്പ് പാറപ്പള്ളിക്കുന്ന് കോളനിയിലെ നവാസ് (27) ആണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്.

കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കോടതിയില്‍ കൊണ്ടുപോകുന്നതിനു തൊട്ടുമുന്‍പാണ് ആത്മഹത്യ. പൊലീസിനു വീഴ്ചയുണ്ടായോ എന്നു സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും അമ്മയെയും മർദിച്ചെന്ന സഹോദരൻ നൗഷാദിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് നവാസിനെ പിടികൂടിയത്. പൊലീസെത്തി നവാസിനെ സ്റ്റേഷനിലേക്കു കൊണ്ടുവന്ന് സുരക്ഷിത തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

Read More: കസ്റ്റഡിയിലുള്ളയാള്‍ തൂങ്ങിമരിച്ച നിലയില്‍; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി

ഇന്നലെ രാവിലെ ഒൻപതിനു ശുചിമുറിയിലേക്കു പോയ നവാസ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വന്നില്ല. പൊലീസുകാർ ശുചിമുറിയുടെ വാതിൽ പൊളിച്ചു കയറിയപ്പോൾ നവാസിനെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടു. ജീവനുണ്ടായിരുന്നെങ്കിലും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നവാസിനെതിരെ കേസ് എടുത്തിരുന്നില്ല. എന്നാൽ, കസ്റ്റഡിയിലെടുത്ത വിവരം രേഖപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡി മരണങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നതാണു പൊലീസ് നയമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും ബെഹ്‌റ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.