കൽപറ്റ: കൊട്ടിയൂർ പീഡനക്കേസിൽ വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയോടും കുടുംബത്തോടും രൂപത മാപ്പുപറഞ്ഞു. കുടുംബത്തിന്റെ കണ്ണീരിൽ താനും ചേരുന്നുവെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന ഇടവകാംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും ബിഷപ്പ് കത്തിലൂടെ പറഞ്ഞു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടിയൂർ ഇടവകയിൽ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തിലാണ് ബിഷപ്പ് എല്ലാവരോടും മാപ്പു ചോദിച്ചത്.

‘ഇരയാക്കപ്പെട്ട പ്രയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻപറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ’.–കത്തിൽ ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.

kottiyoor rape case

മാനന്തവാടി രൂപതാ മെത്രാന്റെ കത്ത്

കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വഴിയാണ് സംഭവം പുറത്തറിഞ്ഞത്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാ.റോബിൻ വടക്കുംചേരി (48)യാണ് അറസ്റ്റിലായത്. കുറ്റം സമ്മതിച്ച വൈദികനെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷൻസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ