തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്‌കോ എംഡി സ്‌പര്‍ജൻ കുമാര്‍. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ഗോഡൗണുകളില്‍ മോഷണ സാധ്യതയുണ്ടെന്നും അതിനാൽ സുരക്ഷ വേണമെന്നും ഇക്കാര്യം ഡിജിപിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും അദ്ദേഹം കത്ത് നല്‍കി.
ഗോഡൗണുകള്‍ക്ക് പുറത്തെ വാഹനങ്ങളിലുള്ള മദ്യം മോഷ്ടിക്കാനുള്ള സാഹചര്യവുമുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ബെവ്‌കോ എംഡി ആവശ്യപ്പെട്ടു.
ഗോഡൗണുകളില്‍ സ്ഥലമില്ലാത്തതിനാല്‍ മദ്യം ഇറക്കാന്‍ കഴിയുന്നില്ല. ഗോഡൗണുകളില്‍ ഇറക്കാന്‍ കഴിയാത്ത മദ്യം തിരികെ കൊണ്ടുപോകണമെന്നും ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ കമ്പനികൾ സ്വന്തം ഗോഡൗണില്‍ മദ്യം സൂക്ഷിക്കണമെന്നും എംഡി ആവശ്യപ്പെട്ടു.
Read More: അടച്ചിട്ട ബാറിനു മുന്നിൽ മദ്യത്തിന് ബഹളം; യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
അടച്ചിട്ട ബാറിനു മുന്നിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മദ്യം ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചായിരുന്നു കേസ്. ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുകയും തുടർന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആലുവ സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം, കൊല്ലത്ത് മദ്യാസക്തിയുള്ള യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. എസ്കെ ഭവനില്‍ സുരേഷാണ് തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ രണ്ടു ദിവസമായി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇതോടെ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. തൃശൂരിലും എറണാകുളത്തുമായി മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടു യുവാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു.