കൊച്ചി: ശബരിമല യുവതീപ്രവേശന വിധി വന്നതിന് പിന്നാലെ നിലയ്ക്കലിൽ മാധ്യമപ്രവർത്തകയെ ആക്രമിച്ചയാൾ വനിത മതിലിന്റെ ജോയിന്റ് കൺവീനർ. ഹിന്ദു പാർലമെന്റ് സംസ്ഥാന ഭാരവാഹിയായ സി.പി.സുഗതനെതിരെ എൻഡിടിവി കേരള ബ്യൂറോ ചീഫ് സ്നേഹ മേരി കോശിയാണ് രംഗത്ത് വന്നത്.

“നിലയ്ക്കലിൽ എന്നെ ആക്രമിച്ച സംഘത്തിൽ സി.പി.സുഗതൻ ഉണ്ടായിരുന്നു. ഞങ്ങളുടെ പക്കൽ ഈ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഉണ്ട്,” എന്ന് സ്നേഹ മേരി കോശി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. അതേസമയം, മാധ്യമപ്രവർത്തകയായതിനാൽ സി.പി.സുഗതനെ വനിത മതിലിന്റെ ജോയിന്റ് കൺവീനർ ആക്കിക്കൊണ്ടുളള സർക്കാർ തീരുമാനത്തിൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.

സി.പി.സുഗതനും തന്നെ ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സ്നേഹ മേരി കോശി ഫെയ്‌സ്ബുക്കിൽ കുറിച്ചു. “ശബരിമലയിൽ ഞങ്ങളുടെ (എൻഡിടിവി) സംഘത്തെ തടയുകയും മുദ്രാവാക്യം വിളിക്കുകയും ക്യാമറാമാനെ ആക്രമിക്കുകയും ചെയ്തയാളെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുളള വനിത മതിലിന്റെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായി മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നു,” എന്ന് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രത്തിനോടൊപ്പം സ്നേഹ കുറിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണം ഉണ്ടായപ്പോൾ തന്നെ സ്നേഹ മേരി കോശി പൊലീസിൽ പരാതി നൽകിയിരുന്നു. സ്നേഹ മേരിക്ക് പുറമെ അന്ന് നിലയ്ക്കലിലും പമ്പയിലും എത്തിയ വനിത മാധ്യമപ്രവർത്തകരെല്ലാം ആക്രമണത്തിന് ഇരയായിരുന്നു.

സി.പി.സുഗതൻ കടുത്ത വർഗ്ഗീയവാദിയാണെന്ന് ഇന്നലെ വി.ടി.ബൽറാം എംഎൽഎയും ഫെയ്‌സ്ബുക്കിൽ ആരോപണം ഉന്നയിച്ചിരുന്നു. വിവാദമായ ഹാദിയ കേസിലടക്കമുളള സി.പി.സുഗതന്റെ ഫെയ്‌സ്ബുക്കിലെ കുറിപ്പുകളാണ് വി.ടി.ബൽറാം ചൂണ്ടിക്കാട്ടിയത്. ഈ പോസ്റ്റിൽ ബൽറാം പറയുന്നതിങ്ങനെ, “ഹാദിയയെ തെരുവിൽ ഭോഗിക്കണം”, “ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്”, “ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ” എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈന വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.