വൈപ്പിൻ: മദ്യലഹരിയിൽ കടന്നു പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചു മുറിച്ചു. വീട്ടിൽനിന്നും പുറത്തിറങ്ങിയ വീട്ടമ്മയെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കുതറി മാറുന്നതിനിടെ വീട്ടമ്മ യുവാവിന്റെ നാക്കിൽ കടിച്ചു. നാക്ക് മുറിഞ്ഞതിനെത്തുടർന്ന് വീട്ടമ്മയെ തളളി മാറ്റി യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ആശുപത്രിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ ജയ്ഹിന്ദ് മൈതാനത്തിനു പടിഞ്ഞാറ് മൂരിപ്പാടത്ത് രാകേഷ് (30) ആണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ 27 നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് രാത്രിയിൽ വീട്ടമ്മയെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചു പിടിച്ചു. രണ്ടു സെന്റിമീറ്ററോളം നീളത്തിൽ യുവാവിന്റെ നാവിന്റെ ഭാഗം വേർപെട്ടു. നാക്ക് മുറിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ യുവാവ് വീട്ടമ്മയെ തളളിയിട്ട് അവിടെനിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ വീട്ടമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

നാവ് മുറിഞ്ഞതിനാൽ പ്രതി ആശുപത്രിയിൽ ചികിൽസ തേടുമെന്ന് അറിയാമായിരുന്നു. തുടർന്ന് ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഒരാൾ ചികിൽസ തേടി എത്തിയതായി അറിഞ്ഞു. ആ യുവാവിന്റെ മേൽവിലാസം ആശുപത്രിയിൽനിന്നും ശേഖരിച്ച് വീട്ടിൽ പോയി. യുവാവ് വീട്ടിൽവന്നുവെന്നും പാലക്കാടേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയെന്നും അമ്മ പറഞ്ഞു. പ്രതി അയാളാണെന്ന് അതോടെ ഉറപ്പിച്ചു. നാവ് മുറിഞ്ഞതിനാൽ യുവാവിന് ശസ്ത്രക്രിയ വേണ്ടിവന്നു. ചികിൽസയ്ക്കുശേഷം ആശുപത്രിയിൽനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും എസ്ഐ ആർ.രഗീഷ് കുമാർ ഐഇ മലയാളത്തോട് പറഞ്ഞു.

അതിക്രമിച്ചു കയറുക, സ്ത്രീകളുടെ അന്തസിന് ഹാനികരമായ പ്രവൃത്തി ചെയ്യുക, ബലാൽസംഗ ശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുളളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ