കുന്നംകുളം: കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയിൽ താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ്(48), ഭാര്യ സോമ(34) മക്കളായ ആൻസൻ (11), ആഷ്‌ലിൻ(ഒൻപത്), ആൻ മരിയ (ഏഴ്) എന്നിവരാണ് മരിച്ചത്. ഇതിൽ സോമയുടെയും മൂന്ന് കുട്ടികളുടെയും കഴുത്ത് അറുത്ത നിലയിലാണ്. ജോണിയെ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് കണ്ടെത്തിയത്.

സാന്പത്തിക ബാധ്യതയെ തുടർന്ന് ജോണി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മുള്ളൻകുഴിയിൽ കുടുംബാംഗമാണ് ജോണി. ഒരു വർഷം മുൻപാണ് ഇയാൾ കുന്നംകുളത്ത് എത്തിയത്. ഇവിടെ പലചരക്ക് കട നടത്തിവരികയായിരുന്നു. ഇന്നലെ കട തുറന്നിരുന്നില്ല. ഇതേ തുടർന്ന് വൈകിട്ട് ജോണിയെ കടയുടെ പങ്കാളി ജോസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് രാത്രി ഒൻപത് മണിയോടെ ഇയാൾ വീട്ടിലേക്ക് പോയി നോക്കി.

രക്തം വാതിലിന് അടിയിലൂടെ പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോസാണ് സംഭവം പൊലീസിൽ അറിയിച്ചത്. നാല് പേർക്കും വിഷം നൽകിയ ശേഷം ജോണി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രക്തം പുരണ്ട നിലയിൽ ഒരു കത്തി വീട്ടിലെ അടുക്കളയിലെ വാഷ് ബേസിനിൽ നിന്ന് കണ്ടെത്തി.

വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ജോണി താമസം മാറ്റിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇവർക്ക് എത്ര രൂപ കടം ഉണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇത് ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ