കോട്ടയം: വൈക്കത്ത് മദ്യലഹരിയിൽ വീട്ടുകാരുമായി വഴക്കിട്ട ഗൃഹനാഥൻ സ്വന്തം വീടിനു തീയിട്ടു. വീട് പൂർണമായും കത്തി നശിച്ചു. പുകയും മറ്റും ശ്വസിച്ച് അവശനിലയിലായ രാജീവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച മുതൽ ഇയാൾ വീട്ടുകാരുമായി വഴക്കായിരുന്നു. ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ സംഭവ സമയത്ത് ഇവർ അയൽപക്കത്തെ വീട്ടിലായിരുന്നു. ഇതറിയാതെ മദ്യപിച്ച് എത്തിയ രാജീവ് ഭാര്യയും മക്കളും കിടക്കുന്ന മുറിക്ക് തീയിടുകയായിരുന്നു. അതിനുശേഷം മറ്റൊരു മുറിയിൽ ഇയാൾ കിടന്നുറങ്ങുകയും ചെയ്തു.
തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തി വീടിന്റെ ജനൽ തകർത്ത് അകത്തു കടക്കുകയായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെ കട്ടിലിൽ അവശനിലയിൽ കിടന്ന രാജീവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.