ഏറ്റുമാനൂർ: ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ജനക്കൂട്ടം പരിഭ്രാന്തരായി ഓടിയതിനെ തുടർന്ന് പത്തോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ ആനപ്പുറത്ത് ഉണ്ടായിരുന്ന ആളെ സാഹസികമായി രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നു. ക്ഷേത്രത്തിന്റെ നടപ്പന്തലിന് മുകളിൽ നിന്ന് താഴേക്ക് വടം ഇട്ടുകൊടുത്താണ് ആനപ്പുറത്ത് ഇരുന്നയാളെ രക്ഷിച്ചത്.

ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് അടുത്തുള്ള കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുന്നതിനിടെ ഗണപതിയെ പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തുകയായിരുന്നു. ആന ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറാന്‍ ശ്രമിച്ചതോടെ ജനം ചിതറിയോടുകയായിരുന്നു.


(വിഡിയോ: റിപ്പോർട്ടർ ടിവി)

മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ കടന്നുപോയ നിമിഷമായിരുന്നു ഇത്. ഇടഞ്ഞ ആന തനിക്ക് മുകളിൽ ഇരുന്നയാളെ താഴെയിറക്കാൻ പരമാവധി ശ്രമിക്കുന്നതിനിടെയാണ് മുകളിൽ നിന്നും കയർ ഇട്ടുകൊടുത്തത്.

വളരെ സാഹസികമായി നടത്തിയ ഈ ശ്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. ആരെയാണ് ഇത്തരത്തിൽ രക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. ആനയെ മയക്കുവെടി വച്ച് തളയ്ക്കുകയായിരുന്നു പിന്നീട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ