തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയതിന് അടുത്ത ദിവസം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ഇന്നലെ വൈകിട്ടോടെയാണ് കരമനയ്ക്ക് അടുത്ത് തളിയില്‍ നിന്നും അക്രമിസംഘം കടത്തി കൊണ്ടു പോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗസംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം.
കരമനയിലെ ബൈക്ക് ഷോറുമിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ഒരു സംഘം ആളുകളുമായി അനന്തു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അനന്തുവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
അനന്തുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. സുഹൃത്ത് വിളിച്ചതിനു പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. തട്ടിക്കൊണ്ടുപോയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കരമനയിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. തട്ടിക്കൊണ്ടുപോയ കാര്‍ തമ്പാനൂര്‍ ഭാഗത്തേക്ക് എത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്.