കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയറിനിടയില്‍ കുടുങ്ങിയ സ്കൂട്ടര്‍ യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍ വച്ച് സ്വകാര്യ ബസ് അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
റോഡരികിലുണ്ടായിരുന്ന സ്കൂട്ടറില്‍ ബസ് ഇടിക്കുകയും കുറച്ച് ദൂരം സ്കൂട്ടര്‍ യാത്രികനുമായി ബസ് മുന്നോട്ട് നീങ്ങുകയും ചെയ്തു. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ് ആണ് അപകടമുണ്ടാക്കിയത്. ദേശീയ പാതയില്‍ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം.
ബസിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
ചക്രത്തിനുള്ളിൽ സ്കൂട്ടർ യാത്രികൻ പെട്ടത് റോഡിൽ നിന്നവർ വിളിച്ചുകൂവിയപ്പോഴാണ് ബസ് ഡ്രെെവർ അറിഞ്ഞത്. ഉടൻ തന്നെ ബസ് നിർത്തിയതുകൊണ്ട് വലിയ അപകടം ഒഴിവായി. നാല് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.