കൊച്ചി: മദ്യലഹരിയിൽ വീടിന്​ തീ കൊളുത്തി വയോധികയെ കൊലപ്പെടുത്തി. വൈറ്റില മേജര്‍ റോഡ്​ നേരേ വീട്ടില്‍ മേരി ജോസഫാണ്​ (82) കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവി​​ന്റെ ആദ്യ ഭാര്യയിലെ മകന്‍ തങ്കച്ചന്‍ എന്ന സേവ്യറിനെ മരട് പൊലീസ് കസ്​റ്റഡിയില്‍ എടുത്തു. ശനിയാഴ്​ച രാത്രി 10.30ഓടെയാണ്​ സംഭവം. ഇയാൾ മേരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വീട്ടിനുള്ളിലാക്കി കതകടച്ചശേഷം തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം.

തീകൊളുത്തിയ പഴയ കുടുംബവീടി​ന്​ ചേർന്നുതന്നെ പുതിയ വീടുവെച്ച്​ അതിലാണ്​ തങ്കച്ചനും ഭാര്യയും താമസിക്കുന്നത്​. തങ്കച്ചൻ മദ്യപിച്ചെത്തി മേരിയുമായി വഴക്കുകൂടുക പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. സ്വത്ത്​ സംബന്ധിച്ച തർക്കത്തി​​ന്റെ പേരിലായിരുന്നു കലഹം.  ഇയാള്‍ മേരിക്ക് ഭക്ഷണം പോലും കൊടുക്കാറില്ലെന്നും ഭക്ഷണം കൊടുക്കുന്ന അയല്‍ക്കാരുമായി വഴക്കിടാറുണ്ടെന്നും സമീപവാസികള്‍ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ വീട്ടിനടുത്ത് നിന്നിരുന്ന തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓടിട്ട വീട് പൂര്‍ണമായും കത്തി നശിച്ചു. ഗാന്ധിനഗര്‍ ഫയര്‍ സ്​റ്റേഷനില്‍നിന്ന്​ രണ്ട്​ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂനിറ്റുകള്‍ എത്തി തീയണച്ചശേഷമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മേരിയുടെ മൃതദേഹം പുറത്തെടുത്തത്​. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.