മലപ്പുറം: ആസിഡ്‌ അക്രമണത്തില്‍ മലപ്പുറത്ത്‌ മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആണ്‌ ഇക്കഴിഞ്ഞ ഞായറാഴ്‌ച പുലര്‍ച്ചെ 12.15ഓടെ മരിച്ചത്‌. സംഭവത്തെത്തുടര്‍ന്ന് മരിച്ച ബഷീറിന്റെ ഭാര്യ സുബൈദയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ഇവര്‍ തുറന്നു പറഞ്ഞത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുഖത്ത് താനാണ് ആസിഡ് ഒഴിച്ചതെന്ന് സുബൈദ വെളിപ്പെടുത്തി. മഞ്ചേരിയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് സുബൈദ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആരോ ആണ് ആസിഡ് ഒഴിച്ചതെന്നായിരുന്നു ഇവര്‍ നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസിന് സഹായകമാവുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലപാതകം ചെയ്തതായി സമ്മതിച്ചു.

ഭര്‍ത്താവിന് പല സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സുബൈദ മൊഴി നല്‍കി. നേരത്തേ പല തവണ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുളള ദിവസവും ഒരു സ്ത്രീയെ ചൊല്ലി ഇരുവരും വഴക്കായി. തുടര്‍ന്നാണ് ബഷീറിനെ കൊല്ലാന്‍ ഭാര്യ പദ്ധതി തയ്യാറാക്കിയത്. ആസിഡ് സുബൈദ തന്നെ വാങ്ങിയതാണോയെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സുബൈദയെ ഇന്ന് തെളിവെടുപ്പിനായി വാടകവീട്ടിലേക്ക് പൊലീസ് കൊണ്ടുപോവും.

അന്വേഷണത്തിൽ കൂടെയുണ്ടായിരുന്ന ഇവരെ സംശയനിഴലിലാക്കുന്ന മൊഴികളും പൊലീസിന്‌ നേരത്തേ ലഭിച്ചിരുന്നു. ബഷീറിന്റെ ഫോണ്‍കോള്‍ വിവരങ്ങളും പൊലീസ്‌ പരിശോധിച്ചിരുന്നു. ഒരാഴ്‌ച മുമ്പാണ്‌ മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ബഷീറിന്റെ ശരീരത്തിലേക്ക്‌ ആസിഡ്‌ ഒഴിച്ചത്‌. മുഖത്തും നെഞ്ചത്തും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ വച്ചാണ്‌ മരിച്ചത്‌. മെഡിക്കല്‍ കോളേജ്‌ പൊലീസ്‌ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ്‌ മലപ്പുറം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയത്‌. തൃശൂരില്‍ നിന്നുള്ള സയന്റിഫിക്‌ വിഭാഗകരും വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്ക്വാഡും അടക്കം മുണ്ടുപറമ്പില്‍ ബഷീര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി തെളിവെടുത്തിരുന്നു. എന്നാല്‍ പുറത്ത് നിന്നുളള സാന്നിധ്യങ്ങളൊന്നും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സംശയം ഭാര്യയിലേക്ക് നീളുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.