scorecardresearch
Latest News

കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂരമര്‍ദനം; പ്രതി റിമാന്‍ഡില്‍

കഴിഞ്ഞ ദിവസം തലശേരിയില്‍ വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക് മര്‍ദനമേറ്റത്

കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂരമര്‍ദനം; പ്രതി റിമാന്‍ഡില്‍

തലശേരി: കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം തലശേരിയില്‍ വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക് മര്‍ദനമേറ്റത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് അറസ്റ്റിലായത്. കോടിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.നടുവിന് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ശിഹ്ഷാദിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം. കുട്ടിയെ ശിഹ്ഷാദ് ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് ശിഹ്ഷാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ശിഹ്ഷാദ് ആരോപിച്ചു.

ശിഹ്ഷാദിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പുറത്ത് വന്നിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വ്യാപകമായി വിമര്‍ശനം ഉയരുകയും ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്ന സാഹചര്യത്തിലുമാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാശ്രമമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എ എസ് പിയുടെ വാദം. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. കുട്ടിക്ക് വൈദ്യസഹായം നല്‍കുക എന്നതിനാണ് ആദ്യ പരിഗണന നല്‍കിയത്. പ്രതിയെ ഇന്ന് രാവിലെ തന്നെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇന്നലെ രാത്രി പ്രതിയെ വിട്ടയച്ചതെന്തിനെന്ന ചോദ്യത്തിനോട് എ എസ് പി പ്രതികരിച്ചില്ല.

സംഭവത്തില്‍ കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. “മനുഷ്യത്വം കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും,” മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ കുട്ടിക്കൊപ്പമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Man kicked six year old boy in thalasseri

Best of Express