തിരുവനന്തപുരം: പ്രതീക്ഷിക്കാതെ കേരളത്തെ പ്രളയം വലച്ചപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ജിനീഷിനെ മരണം കവര്‍ന്നു. സ്വന്തം ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോണ്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ഉച്ചക്കട ഭാഗത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

കേരള തമിഴ്‌നാട് അതിര്‍ത്തി പഴയ ഉച്ചക്കടയില്‍ നിന്നും കണ്ണാനാകം കൊല്ലംകോട്ടില്‍ പോകും വഴിയില്‍ തിരുമന്നം ജംഗ്ഷന്‍ (ദോശമുക്ക് ) വച്ചായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കവും വളവും അമിതവേഗതയും അപകട കാരണമായി. തിരിവില്‍ നിയന്ത്രണം വിട്ട ബൈക്ക് നിലത്ത് വീണ ജിനീഷ്‌നോടൊപ്പം എതിരെ വന്ന ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. പുറകിലിരുന്നയാള്‍ തെറിച്ചു വീണു. അദ്ദേഹത്തിന് നിസാര പരിക്കുകള്‍ മാത്രമാണുണ്ടായത്. ഇടുപ്പില്‍ ലോറിയുടെ ചക്രം കയറി രക്തം ധാരാളം വാര്‍ന്നു പോയി. സംഭവം നടന്ന് അര മണിക്കൂറോളം ജിനീഷ് ജെറോണ്‍ റോഡില്‍ത്തന്നെയായിരുന്നു. നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോസ്റ്റല്‍ വാറിയേഴ്‌സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.