കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് പെരുങ്കുളത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തിൽ ശാന്താദേവി അന്തർജനം (68)ആണ് കൊല്ലപ്പെട്ടത്. അമ്മയെ വകവരുത്തി സ്വയം കുത്തി പരുക്കേല്‍പ്പിച്ച അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ മകൻ അക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുളള പ്രകോപനപരമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകൻ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാള്‍ക്ക് വര്‍ഷങ്ങളായി മാനസികാസ്വസ്ഥ്യം ഉളളതായി ബന്ധുക്കള്‍ പറഞ്ഞു. അശോക് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പിതാവ് രാവിലെ പൊലീസിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ തയാറാകാതിരുന്ന അശോക് കുമാര്‍ പൊലീസിനെയും നാട്ടുകാരെയും കണ്ടതോടെ വീടിനുള്ളില്‍ കയറി കതകടച്ചു. ശേഷം ആശുപത്രിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ച അമ്മ ശാന്താദേവിയെ കൊടുവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.