കണ്ണൂര്‍: ഒരാള്‍ മരിക്കുമ്പോള്‍ ഒന്നല്ല, കൂടെ പൊലിയുന്നത് മറ്റനേകം ജീവിതങ്ങളാണ്. കാരണം ഓരോ മനുഷ്യനും ആരുടെയൊക്കെയോ ജീവനാണ്. അത് തിരിച്ചറിഞ്ഞതുകൊണ്ടാകും, മറ്റെല്ലാവരും കാഴ്ചക്കാരായപ്പോള്‍ കടലിന്റെ വന്യതയെ ഭയക്കാതെ, അയാള്‍ കടലിലേക്ക് ചാടിയത്.

മലബാറില്‍ സഞ്ചാരികളുടെ തിരക്ക് കൊണ്ട് ശ്രദ്ധേയമായ പയ്യാമ്പലം ബീച്ചില്‍ ഇന്നലെ ആശങ്കകളുടെ നിമിഷങ്ങളായിരുന്നു. ആര്‍ത്തലച്ചെത്തിയ തിരയില്‍പ്പെട്ട നാലുപേരുടെ നിലവിളി ഏവരെയും ഭീതിയിലാഴ്ത്തി. കരയില്‍ നിന്ന് ഒപ്പമുണ്ടായിരുന്നവരും നിലവിളിച്ചതോടെ ഏല്ലാവരും ഓടികൂടി. എന്നാല്‍ അവര്‍ക്ക് രക്ഷകനായത് ചാള്‍സ് മാത്രമായിരുന്നു. ദൈവം ഭൂമിയില്‍ അവതരിക്കുന്നത് ചിലപ്പോള്‍ ഇത്തരം മനുഷ്യരുടെ രൂപത്തിലായിരിക്കാം.

കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ 18 കുട്ടികള്‍ പയ്യാമ്പലം ബീച്ചില്‍ എത്തിയത്. കടലില്‍ ഉല്ലസിക്കുന്നതിനിടെയാണ് കൂട്ടത്തില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടത്. വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ടാണ് ചാള്‍സ് കടലിലേക്ക് എടുത്തു ചാടി മരണത്തില്‍ നിന്നും ഈ കുട്ടികളെ രക്ഷിച്ചത്.

സാഹസിക നീന്തലില്‍ റെക്കോര്‍ഡ് ജേതാവായ ചാള്‍സ് സ്വന്തമായി ഒരു നീന്തല്‍ അക്കാദമി നടത്തുന്നുണ്ട്. ഒരു മണിക്കൂറിലാണ് അവിടെയെത്തുന്ന വിദ്യാര്‍ഥികളെ ഇദ്ദേഹം നീന്തല്‍ പഠിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ