പാലക്കാട്: 43 മണിക്കൂറിലധികം ബാബു കുടുങ്ങിക്കിടന്ന ചെറാട് മലയില്‍ ഇന്നലെ രാത്രി കയറിയ യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താഴെ എത്തിച്ചു. മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണന് എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് രാധാകൃഷ്ണന് മല കയറിയതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്പെടുത്തിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് ലൈറ്റുകള്‍ മലമുകളില്‍ കണ്ടിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളെ മാത്രം താഴെ എത്തിച്ചതില്‍ ചെറിയ പ്രതിഷേധവുമുണ്ടായി.
പ്രസ്തുത സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ.രാജന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കും. മലയില്‍ കുടുങ്ങിപ്പോയാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമുള്ളതല്ലെന്ന് ബാബുവിന്റെ അനുഭവം വ്യക്തമാക്കുന്നു. സൈന്യം എത്തിയായിരുന്നു ബാബുവിനെ സുരക്ഷിതനാക്കിയത്.
രണ്ട് ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ബാബു വീട്ടിലേക്ക് മടങ്ങിയത്. അനുമതിയില്ലാതെ മലയില്‍ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രി എ.കെ.ശശീന്ദ്രന് നേരിട്ട് ഇടപെട്ട് കേസിന്റെ നടപടികള്‍ ഒഴിവാക്കുകയായിരുന്നു.
Also Read: ഇടവേളയ്ക്ക് ശേഷം സ്കൂളിലേക്ക്; ക്ലാസുകള്‍ ഇന്ന് മുതല്‍