അടിമാലി: തീപിടിച്ച വാഹനത്തിനുള്ളില്‍ വ്യാപാരി വെന്തു മരിച്ച നിലയില്‍. റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ട ജീപ്പിലാണ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത്. പൊന്‍മുടി കോലത്ത് ബേബി മാത്യു (ബേബിച്ചന്‍-52) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.30-ന് വെള്ളത്തൂവല്‍- കൊന്നത്തടി റോഡില്‍ സത്യന്‍കടയ്‌ക്ക് സമീപമാണ് സംഭവം നടക്കുന്നത്. ബേബി പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെഎം ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് സംഭവം ഉണ്ടായത്.

വലിയ ശബ്‌ദം കേട്ട് നോക്കുമ്പോഴാണ് വാഹനം കത്തുന്നതായി കണ്ടതെന്നും പിന്നീടാണ് ജീപ്പിനുള്ളില്‍ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. യാത്രയ്‌ക്കിടെ തീപിടിച്ചതാകാമെന്നാണ് പൊലീസ് പറയുന്നതെങ്കിലും റോഡരികില്‍ ഒതുക്കിയിട്ട നിലയിലാണ് ജീപ്പ് കണ്ടതെന്നത് സംശയമുളവാക്കുന്നതാണ്.

വീട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വാങ്ങിയ ഇന്ധനം വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാല്‍ തീപിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. മൃതദേഹം പരിശോധനയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഫോട്ടോ കടപ്പാട്-മാതൃഭൂമി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ