മൂവാറ്റുപുഴ: സ്വകാര്യ ബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
വണ്ണപ്പുറത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് ബസിൽ യാത്ര ചെയ്യവേയാണ് സേവ്യർ കുഴഞ്ഞു വീണത്. എന്നാൽ ബസ് നിർത്താൻ ജീവനക്കാർ തയ്യാറായില്ല. അഞ്ചു കിലോമീറ്റർ യാത്രയ്ക്കുശേഷമാണ് ബസ് നിർത്തി സേവ്യറെ ഓട്ടോയിൽ കയറ്റി വിട്ടതെന്നാണ് പരാതി.
വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വച്ചാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് സേവ്യര്‍ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സേവ്യറിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്.
സേവ്യറിന് പ്രാഥമിക ചികിത്സ നൽകാൻ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയിൽ കാളിയാർ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
അതേസമയം, രോഗിയെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നില്ലെന്നാണ് ബസ് ഉടമ ബിനോ പോള്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. രോഗിക്ക് പ്രാഥമികശ്രുശൂഷ നല്‍കിയശേഷമാണ് ഓട്ടോയില്‍ കയറ്റിവിട്ടത്. ബസില്‍ ജീവനക്കാര്‍ കുറവായതുകൊണ്ടാണ് രോഗിയെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതെന്നും ബസുടമ പറഞ്ഞു.