കാസർഗോട്: കാസർഗോട്ട് നാട്ടുകാരുടെ മർദ്ദനമേറ്റ മധ്യവയസ്കൻ മരിച്ചു. ദേളി സ്വദേശി റഫീഖാണ് (48) മരിച്ചത്. കാസർകോഡ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി പരിസരത്ത് വച്ച് ശനിയാഴ്ച ഉച്ചയോടെയാണ് റഫീക്കിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ഇയാൾക്കെതിരായ മർദ്ദനമെന്നാണ് പ്രാഥമിക വിവരം.

ഒരു സ്ത്രീ ഇയാളെ തല്ലിയതിനെത്തുടർന്ന് പരിസരത്തുണ്ടായിരുന്നവർ ഇടപെടുകയും മർദ്ദിക്കുകയുമായിരുന്നെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. മർദ്ദനമേറ്റ റഫീഖിനെ ഉച്ചയ്ക്ക് 1.45ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More: കളമശേരിയിൽ പതിനേഴുകാരന് കൂട്ടുകാരുടെ ക്രൂരമർദനം

അതേസമയം, മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യം വ്യക്തമാവൂ എന്നും അവർ പറഞ്ഞു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന റഫീഖിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസ്. ഒപ്പം റഫീഖ് ശല്യം ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാസർകോട് വനിതാ സെല്ലും കേസെടുത്തു.

ആശുപത്രിയിൽ നിന്ന് റഫീഖ് ഇറങ്ങി ഓടുന്നതിന്റെയും ആളുകൾ ചുറ്റും കൂടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. സമീപത്തെ കടകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook