ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി നാടകീയ സംഭവങ്ങൾ. കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവ് എത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സുരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം യുവാവിനെ തക്ക സമയത്ത് പിടികൂടാനായെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലുളള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിലാണ് താമസിക്കുന്നത്.

മലയാളിയായ യുവാവാണ് പൊലീസ് പിടിയിലായത്. ഇയാൾ ചെട്ടിക്കുളങ്ങര സ്വദേശിയാണ്. വിമൽരാജ് എന്നാണ് പേര്. ജോലി ചെയ്യാൻ സമ്മതിക്കണം എന്നാവശ്യപ്പെട്ടാണ് കേരള ഹൗസിൽ എത്തിയതെന്നാണ് വിവരം.

രാവിലെ 9.45 ഓടെയാണ് ഇയാൾ കത്തിയും കടലാസുകളുമായി കേരള ഹൗസിലേക്ക് എത്തിയത്. നേരെ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ സ്ഥാപിച്ച ഭാഗത്തേക്ക് വന്ന വിമൽരാജ് ഇവിടെ വച്ച് തനിക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കണ്ടിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും ആരോപിച്ചു. പിന്നീട് ബാഗിൽ നിന്നും കത്തിയെടുത്തു. ഇയാൾ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷ സംഘത്തിലുളളവരാണ് വിമൽരാജിനെ കീഴ്‌പ്പെടുത്തിയത്.

വിമൽരാജിന്റെ ഉദ്ദേശ്യം ആത്മഹത്യാ ശ്രമമായിരുന്നുവെന്നാണ് സംശയം. രണ്ടു വർഷം മുൻപ് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുൻപിലും വിമൽരാജ് ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് മരത്തിന് മുകളിൽ കയറി നിന്ന ഇദ്ദേഹം ചില കടലാസുകൾ താഴേക്ക് വലിച്ചെറിഞ്ഞാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപ്പളളിയിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.  ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംഭവം.

അതേസമയം, വിമൽരാജിനോട് സംസാരിക്കാൻ ശ്രമിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഇദ്ദേഹം കയർത്തു. ഉമ്മൻചാണ്ടിയെ വന്ന് കണ്ടിരുന്നുവെന്നും പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഇയാളെ കണ്ട പരിചയമില്ലെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി ഇവിടെ നിന്നും പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.