വടകര: വിവാഹ വീഡിയോയില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് അശ്ലീല ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഇടുക്കിയില്‍ വച്ചായിരുന്നു കേസിലെ മുഖ്യപ്രതിയായ ബിബീഷിനെ പൊലീസ് അറസ്റ്റ് ചെ്തത്. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററാണ് ഇയാള്‍.

സംഭവം വിവാദമായതോടെ ബിബീഷ് ഒളിവില്‍ പോവുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ സ്റ്റുഡിയോ ഉടമ ദിനേഷിനേയും ഫോട്ടോഗ്രാഫറായ സതീശനേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ബിബീഷ് മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയെ സമീപിക്കാന്‍ ശ്രമം നടത്തി. അറസ്റ്റിലായ ബിബീഷിനെ വടകരയിലെത്തിച്ച് നടപടികള്‍ തുടരും.

വിവാഹ വീഡിയോകളില്‍ നിന്നും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ചിത്രങ്ങള്‍ അടര്‍ത്തിയെടുത്തായിരുന്നു അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അവ പ്രചരിപ്പിക്കുകയുമായിരുന്നു പ്രതിയുടെ രീതി. ഇത്തരത്തിലുള്ള 45000 ത്തോളം ഫോട്ടോകള്‍ ബിബീഷിന്റെ കംപ്യൂട്ടറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവം അറിഞ്ഞിട്ടും മറച്ചു വച്ചതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനുമാണ് മറ്റ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. മോര്‍ഫിങ്ങിനെക്കുറിച്ച് നാല് മാസം മുമ്പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി സ്ത്രീകള്‍ വീണ്ടും രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ