തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ നടുറോഡിൽ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ടുപേർ ചേർന്ന് യുവാവിനെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. യുവാവിനെ മർദിക്കുന്നത് നാട്ടുകാർ നോക്കിനിന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചോടുകൂടിയാണ് സംഭവം. ചിറയിൻകീഴ് താലൂക്കിലെ മുടപുരം എസ്എം ജംങ്ഷനിൽ ബൈക്കിൽ രണ്ടുപേർ അഭ്യാസപ്രകടനം നടത്തുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ഇതിനെ ചോദ്യം ചെയ്യുന്നു. ഇതിനുപിന്നാലെ അഭ്യാസ പ്രകടനം നടത്തിയവർ യുവാവിനെ തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. യുവാവിനെ മർദിക്കുമ്പോൾ നാട്ടുകാർ നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

അതേസമയം, സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചില്ലെങ്കിലും സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ