കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ ഇയാള്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പൊലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്ക് അടിമയായതിനാല്‍ സസ്പെന്‍ഷനിലായിരുന്നു അധ്യാപകനായ സന്ദീപ്.
സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും
ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവമെന്ന് ആരോഗ്യ മന്ത്രി
കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ്. പൊലീസ് എയ്ഡ്‌പോസ്റ്റ് അടക്കം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോള്‍ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമം നിലവിലുണ്ട്. നിയമം കൂടുതല്‍ ശക്തമായി ഓര്‍ഡിനന്‍സ് രൂപത്തില്‍ ഇറക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.