കായംകുളം: വിവാഹതട്ടിപ്പ് വീരൻ അറസ്റ്റിൽ. അഞ്ചാം വിവാഹത്തിനു തയ്യാറെടുക്കുന്നതിനിടെ നാലാം ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് അമ്പതുകാരനെ അറസ്റ്റ് ചെയ്‌തത്. കൊല്ലം ഉമയനല്ലൂർ കിളിത്തട്ടിൽ വീട്ടിൽ മുഹമ്മദ് റഷീദ് (50) ആണു പിടിയിലായത്. അഞ്ചാമത്തെ വിവാഹത്തിനായി ചിങ്ങോലിയിലെ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണു കരീലക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ ചാവക്കാട് വടക്കേകാട് സ്വദേശിയായ യുവതിയാണ് റഷീദിനെതിരെ പൊലീസിൽ പരാതി നൽകിയത്.

അഞ്ചാം വിവാഹത്തിനായുള്ള റഷീദിന്റെ നീക്കങ്ങൾ അറിഞ്ഞ നാലാം ഭാര്യയായ യുവതി ചിങ്ങോലിയിൽ എത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഒന്നര വർഷം മുമ്പ് ഇവരെ വിവാഹം ചെയ്‌ത റഷീദ് എട്ടു പവൻ ആഭരണങ്ങളും 70,000 രൂപയുമായി മുങ്ങിയിരുന്നു. ഇതു സംബന്ധിച്ചു വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. കൊട്ടിയം സ്വദേശിനിയെയാണ് റഷീദ് ആദ്യം വിവാഹം ചെയ്‌തത്. പിന്നീട് ഇയാൾ  പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവടങ്ങളിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്.

Read Also: ചാരായവാറ്റ് കേന്ദ്രത്തിൽ നിന്ന് സീരിയൽ നടി പിടിയിൽ; തിരുവനന്തപുരത്ത് വ്യാജമദ്യവേട്ട

ഓൺലെെൻ സെെറ്റുകളിലൂടെയാണ് റഷീദ് യുവതികളെ തിരഞ്ഞിരുന്നത്. ഓൺലെെൻ സെെറ്റുകൾ ഉപയോഗിച്ച് നിർധന കുടുംബത്തിലെ യുവതികളെ കണ്ടെത്തി വിവാഹം കഴിക്കുകയാണ് ചെയ്‌തിരുന്നത്. പണവും സ്വർണവും തട്ടിയെടുത്ത ശേഷം ഭാര്യമാരുമായി നിസാര വഴക്കുണ്ടാക്കി പോകുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.

കൊല്ലത്ത് ലോറി ഡ്രൈവറാണെന്നു പറഞ്ഞാണ് ഇയാൾ അഞ്ചാം വിവാഹത്തിന് ഒരുങ്ങിയത്. വസ്‌തു കച്ചവടക്കാരൻ, തുണി ബിസിനസ്, ലോറി ഉടമ, ഡ്രൈവർ തുടങ്ങിയ പല ജോലികൾ പറഞ്ഞായിരുന്നു തട്ടിപ്പ്. മുൻവിവാഹങ്ങളുമായി ബന്ധപ്പട്ട് ഇയാളുടെ പേരിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.