കോഴിക്കോട്: നടി പാര്‍വതി തിരുവോത്തിനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും പിതാവിനും സഹോദരനും താരത്തെക്കുറിച്ച് മോശം സന്ദേശം അയയ്ക്കുകയും ചെയ്തയാൾ പിടിയില്‍. പാലക്കാട് സ്വദേശി കിഷോറാണ് പിടിയിലായത്. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിക്കരികില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ എന്തിനാണ് പാർവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പാർവതിയുടെ അച്ഛൻ വിനോദ് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“എനിക്കും മകനുമാണ് ഇയാൾ മെസേജുകൾ അയച്ചത്. മകൻ കാനഡയിലാണ്. മെസഞ്ചർ വഴിയായിരുന്നു അയാൾ സന്ദേശം അയച്ചത്. പിന്നീട് ഒരു ദിവസം വീട്ടിൽ വന്നു. പാർവതി ആ സമയത്ത് അമേരിക്കയിലായിരുന്നു. മോള് അമേരിക്കയിലേക്കല്ല പോയത്, എറണാകുളത്ത് ചുറ്റിക്കറങ്ങുകയാണ്, മാഫിയയുടെ പിടിയിലാണ് പാർവതി, ഇയാൾ രക്ഷിക്കാൻ ശ്രമിക്കുകയാണ് എന്നൊക്കെ പറഞ്ഞു,” പാർവതിയുടെ അച്ഛൻ വ്യക്തമാക്കി.

Read More: ഭയം നട്ടെല്ലിലൂടെ അരിച്ചു കയറുന്നു; പൗരത്വ ബില്ലിനെതിരെ പാർവതി

സമാധാനത്തോടെയും സുരക്ഷിതത്തത്തോടെയും ജോലി ചെയ്യാൻ സാധിക്കുന്ന ചുറ്റുപാടാണ് ഉണ്ടാകേണ്ടതെന്നും അതുകൊണ്ടാണ് നിയമത്തിന്റെ വഴി സ്വീകരിച്ചതെന്നും പാർവതിയുടെ അച്ഛൻ പറയുന്നു.

“ഇയാൾ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നറിയില്ല. ഇയാൾക്ക് പുറകിൽ​ മറ്റാരെങ്കിലും ഉണ്ടോയെന്നും അറിയില്ല. കാരണം പൊലീസ് കണ്ടുപിടിക്കുമെന്നാണു വിശ്വാസം. ഏകദേശം നാല് മാസമായി ഇയാളുടെ ശല്യം തുടങ്ങിയിട്ട്,” അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ. അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.