കോഴിക്കോട്: താമരശേരി പുതുപ്പാടി കൈതപ്പൊയിലിലെ മലബാർ ഫിനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ തീകൊളുത്തി കൊന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളികുന്നം സ്വദേശി സുമേഷ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്. തിരൂരില്‍ നിന്നാണ് താമരശേരി സി.ഐ ടി.എ.അഗസ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

കുപ്പായക്കോട് ഒളവങ്ങരയിലെ പി.ടി കുരുവിള എന്ന സജി (52)യെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സജി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് പ്രതി സജിയെ തീകൊളുത്തി കൊന്നത്. വായ്പയ്ക്കായി സമീപിച്ച ഇയാളെ സജി മടക്കി അയച്ചിരുന്നു.

തുടര്‍ന്ന് ഇയാള്‍ മണ്ണെണ്ണയുമായി വന്ന് സജിയെ തീകൊളുത്തുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംഭവം നടക്കുമ്പോൾ സജി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സജി പ്രതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസിന് ഇയാളെ പിടികൂടാന്‍ സഹായകമായി. മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.