കൊച്ചി: ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ബിനാലെ വേദിയില്‍ സിനിമാ താരം മമ്മൂട്ടി സന്ദര്‍ശനത്തിന് എത്തി. ബിനാലെ അവസാനിക്കാന്‍ ഒരുദിവസം ശേഷിക്കെയാണ് മമ്മൂട്ടിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഉച്ചയ്‍ക്ക് 12 മണിയോടെ ആസ്‍പിന്‍വാളിലെത്തിയ മമ്മൂട്ടിക്കൊപ്പം നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമനും ഉണ്ടായിരുന്നു.

കൊച്ചിയില്‍ സാധാരണക്കാരന്റെ കാഴ്ചയ്ക്കപ്പുറമാണ് ബിനാലെ സൃഷ്ടികളുടെ ഭംഗിയും പ്രമേയത്തിന്റെ ആഴവുമെന്ന് മമ്മൂട്ടി പറഞ്ഞു. മനുഷ്യനിര്‍മ്മിതം മാത്രമാണ് ബിനാലെ സൃഷ്ടികളെന്നു പറയാനാവില്ല. അതിനുമപ്പുറത്ത് ദൈവികവും പ്രകൃതി ദത്തവുമായ എന്തോ ഒന്ന് ഇതിലുണ്ട്. ആ ഘടകമാണ് കൊച്ചി ബിനാലെയ്ക്ക് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”കേവലം ചായവും കടലാസും ക്യാന്‍വാസും മാത്രമല്ല ബിനാലെ. നമ്മുടെ കണ്ണു കൊണ്ട് കാണാന്‍ കഴിയുന്നതിനപ്പുറമാണ് ഇതിലെ സൃഷ്ടികളുടെ ആഴം. ഉത്തരാധുനികതയില്‍ ബിനാലെ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കാലത്തെ കലയെയും പരമ്പരാഗത കലാകാരന്മാരെയും ബിനാലെ കൂടുതല്‍ പരിഗണിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും” മമ്മൂട്ടി പറഞ്ഞു.

“രണ്ട് വര്‍ഷം കൂടുമ്പോഴാണ് ബിനാലെ നടക്കുന്നത്. അതിനിടയിലുള്ള സമയം മറ്റു കലാരൂപങ്ങളുടെ ബിനാലെ മാതൃകയിലുള്ള പ്രദര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ, നാടകം, നൃത്തം എന്നിവയ്ക്കും ബിനാലെ ആകാമെന്ന്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30ന് വ്യാഴായ്ച്ച മമ്മൂട്ടി ചിത്രം “ദി ഗ്രേറ്റ് ഫാദര്‍” റിലീസ് ആകാനിരിക്കെയാണ് അദ്ദേഹം ബിനാലെയിലെത്തിയത്.

എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ബിനാലെയെന്ന് മാധ്യമപ്രവര്‍ത്തക അനിതപ്രതാപ് പറഞ്ഞു. സുരേഷ് കുറുപ്പ് എം എല്‍ എ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, എന്നിവരും ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.