കൊച്ചി: പ്രമുഖ നടിക്കു നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ കൊച്ചിയിൽ ഒത്തുചേർന്നു. എറണാകുളം ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ ചലച്ചിത്രരംഗത്തെ നിരവധി പേർ പങ്കെടുത്തു. സ്ത്രീയെ കീഴ്പ്പെടുത്താനുള്ളതല്ല പൗരുഷമെന്നും സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷനെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു.

മലയാളികളുടെ മുഴുവന്‍ അഭിമാനമായ സഹോദരി ഇന്ന് ഒരു പ്രതിരോധത്തിലാണ്. അവര്‍ തീര്‍ക്കുന്ന ആ പ്രതിരോധത്തിന്റെ പ്രതീകങ്ങളാണ് നമ്മള്‍. ആ പ്രതിരോധത്തില്‍ നിന്ന് നമ്മള്‍ ഏറ്റുവാങ്ങുന്ന നാളം അഗ്നിയായി, അന്ഗിഗോളമായി മനുഷ്യമനസാക്ഷി മരവിച്ചവരുടെ മുകളില്‍ ആഞ്ഞ് പതിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

സ്ഥാവരജംഗമ വസ്തുക്കള്‍ മാത്രമല്ല നമ്മുടെ മാനവും അഭിമാനവും സ്വത്താണ്. ആ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഓരോ വ്യക്തിയുടേയും മാനവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകാവുന്നതാണ്. അതിന് നിയമത്തിന്റേയും പിന്തുണയുണ്ട്. നമ്മുടെ അമ്മമാര്‍ മനുഷ്യരൂപം പൂണ്ട പിശാചുക്കളെ പ്രസവിക്കാതിരിക്കട്ടെ. ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തില്‍ അവരുടെ വേദന, ദുഖം, പ്രയാസം എന്നിവയ്ക്കൊപ്പം പങ്കു ചേരുന്നു. അവര്‍ക്ക് വാക്കു കൊടുക്കുന്നു, അവര്‍ ഒറ്റയ്ക്കല്ല, ഈ സമൂഹം കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സംവിധായകൻ കമൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ലാൽ, മനോജ് കെ.ജയൻ, സരയു തുടങ്ങിയവരെല്ലാം പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തി.

ഓൺലൈനിൽ പണിയില്ലാതെയിരിക്കുന്ന കുറേ പേരുണ്ട്. അവർ അവർക്ക് തോന്നിയ രീതിയിൽ കാര്യങ്ങൾ എഴുതി വിടുകയാണെന്ന് ഇന്നസെന്റ് പറഞ്ഞു. നമ്മുടെ സഹോദരിക്കോ മറ്റു ബന്ധുക്കൾക്കോ ആണ് ഇത്തരത്തിലുള്ള അപകടം സംഭവിച്ചതെങ്കിൽ ഇത്തരത്തിലുള്ള കഥകൾ പ്രചരിപ്പിക്കാൻ ഇവർ തയാറാകുമോയെന്ന് ഇന്നസെന്റ് ചോദിച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്.

മറ്റു സംസ്ഥാനങ്ങളിലൊക്കെ നടക്കാറുള്ള ഇത്തരം സംഭവങ്ങൾ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിക്കും സംഭവച്ചിരിക്കുകയാണ്. ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് മമ്മൂട്ടിയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.