കോവിഡ് പ്രതിരോധത്തിൽ ‘കേരള മോഡൽ’ ആഗോളതലത്തിൽ പ്രശംസിക്കപ്പെടുകയാണ്. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രി കെ.കെ.ശെെലജയ്‌ക്ക് കൂടിയുള്ളതാണ് ഈ പ്രശംസ. എന്നാൽ, വലിയ വെല്ലുവിളികളിലൂടെ താൻ കടന്നുപോയിട്ടുണ്ടെന്നും അപ്പോഴെല്ലാം പലരും തനിക്ക് ധെെര്യം തന്നിട്ടുണ്ടെന്നും തുറന്നുപറയുകയാണ് ശെെലജ ടീച്ചർ. വിഷമഘട്ടത്തിൽ പലരും വിളിച്ച് തനിക്ക് ധെെര്യം പകരാറുണ്ടെന്ന് പറഞ്ഞ മന്ത്രി ഒരിക്കൽ മമ്മൂട്ടി തന്നെ വിളിച്ച അനുഭവവും വിവരിച്ചു.

കെെരളി ടിവിയിലെ ‘ജെബി ജങ്‌ഷൻ’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ശെെലജ ടീച്ചർ മനസ്സുതുറന്നത്. പരിപാടിക്കിടെ കേരളത്തിന്റെ ആരോഗ്യമന്ത്രിയോട് കുഴക്കുന്ന ഒരു ചോദ്യവുമായി എത്തിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. ശെെലജ ടീച്ചറോട് മമ്മൂട്ടി ഉന്നയിച്ച ചോദ്യം ഇതായിരുന്നു: “സാധാരണ ഒരു ആരോഗ്യമന്ത്രിക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളല്ല ടീച്ചർക്ക് നേരിടേണ്ടിവരുന്നത്. ടീച്ചർ ഒട്ടും ധെെര്യം വിടാതെ, ആവേശംവിടാതെ, ആത്മാർഥതയോടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും ഞങ്ങൾക്ക് അറിയാം. ടീച്ചർക്ക് ഇതിനെപറ്റി എപ്പോഴെങ്കിലും ഇത് വലിയൊരു ബാധ്യതയാണ്, ചുമതലയാണ്, ഭാരമാണ് എന്നെല്ലാം തോന്നിയിട്ടുണ്ടോ?”

Read Also: കോവിഡ് വ്യാപനം; മലപ്പുറത്ത് അതീവ ജാഗ്രത

മമ്മൂട്ടിയുടെ ചോദ്യത്തിനു ആരോഗ്യമന്ത്രി നൽകിയ ഉത്തരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യമന്ത്രിയെന്ന പദവിയും ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളും തനിക്കൊരു ബുദ്ധിമുട്ടായോ ഭാരമായോ തോന്നിയിട്ടില്ലെന്ന് ശെെലജ ടീച്ചർ പറഞ്ഞു. ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ പ്രതിസന്ധിയുണ്ടാകുമെന്ന് അറിയാം. ഇവിടെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്. വെല്ലുവിളികൾ നേരിടുമ്പോൾ അതുവഴി ലഭിക്കുന്ന ആത്മസംതൃപ്‌തിയുണ്ട്. വലിയ വെല്ലുവിളികൾ നേരിടുമ്പോഴും തോൽക്കാൻ പാടില്ല എന്നുറച്ചുള്ള മുന്നേറ്റമാണ് വലിയ സംതൃ‌പ്‌തി നൽകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ മറ്റുള്ളവർ നൽകുന്ന ആത്മധെെര്യം ഏറെ വിലപ്പെട്ടതാണെന്നും ശെെലജ ടീച്ചർ പറയുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ മമ്മൂട്ടി തന്നെ ഒരിക്കൽ വിളിച്ച അനുഭവവും ശെെലജ ടീച്ചർ വിവരിച്ചു. “വലിയ വിഷമം വന്ന ഘട്ടത്തിൽ മമ്മൂട്ടി എന്നെ വിളിച്ചിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു ‘ധെെര്യമായി മുന്നോട്ടു പോകൂ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്ന്” ശെെലജ ടീച്ചർ പറഞ്ഞു. സമൂഹം കൂടെയുണ്ടെന്ന ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും ഭയപ്പെട്ട് മാറിനിൽക്കാതെ പ്രശ്‌നങ്ങളോട് ഏറ്റുമുട്ടുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മമ്മൂട്ടിക്ക് പുറമേ നടി മഞ്ജു വാരിയറും ആരോഗ്യമന്ത്രിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ മലയാളിയും ആരോഗ്യമന്ത്രി കെ.കെ.ശെെലജയോട് നന്ദി പറയണമെന്ന് മഞ്ജു പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ താൻ ഒരിക്കൽ ശെെലജ ടീച്ചറെ ഫോൺ വിളിച്ച അനുഭവവും മഞ്ജു വിവരിച്ചു. ഇത്രയും ജോലി തിരക്കിനിടെ ടീച്ചർ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് മഞ്ജു പറഞ്ഞു. മഞ്ജു വാരിയറുമായി തനിക്കുള്ള സുഹൃദ്‌ബന്ധത്തെ കുറിച്ച് ശെെലജ ടീച്ചറും തുറന്നുപറഞ്ഞു.

മഞ്ജുവിനോട് തനിക്ക് പ്രത്യേക സ്‌നേഹവും ബഹുമാനവും ഉണ്ടെന്ന് ശെെലജ ടീച്ചർ പറഞ്ഞു. ജീവിതത്തിൽ തളർന്നുപോകാതെ എന്തൊരു വാശിയോടെയാണ് മഞ്ജു മുന്നോട്ടുപോകുന്നതെന്നും ശെെലജ ടീച്ചർ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ടീച്ചർക്ക് ഉറങ്ങാൻ പറ്റുന്നുണ്ടോ? എന്ന മഞ്ജുവിന്റെ ചോദ്യത്തിനും ശെെലജ ടീച്ചർ മറുപടി നൽകി.

കടപ്പാട്: കെെരളി ടിവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.