കൊച്ചി: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ സിനിമാ താരങ്ങളും. നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നിന്നു നിപയെ കീഴടക്കാമെന്നും മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

വേണ്ടത് ഭയമല്ല ജാഗ്രതയാണെന്നും ഒന്നായി നേരിടുമെന്നും നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നും എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Nipah Virus Confirmed Live Updates: നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നില തൃപ്തികരം; നാലുപേർ നിരീക്ഷണത്തിൽ

വിദ്യാർഥിയെ ചികിത്സിച്ച രണ്ട് നഴ്സുമാർക്കും പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനാൽ ഇരുവരും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒരാളെ കൂടി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും മന്ത്രി വ്യക്തമാക്കി. നിലവില്‍ രോഗം സംശയിക്കുന്ന ആളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

തൃശൂരിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിൽ പങ്കെടുക്കവെയാണ് വിദ്യാർഥിക്ക് തലവേദനയും പനിയും പിന്നാലെ മസ്തിഷ്ക ജ്വരവും പിടിപെട്ടത്. തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം കൂടിയതോടെ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. തുർന്ന് രക്ത സാംപിളുകൾ ബെംഗളൂരുവിലെ സ്വകാര്യ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. നിപയാണെന്ന് സംശയം ഉയർന്നതോടെ ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രത്തിൽ പരിശോധന നടത്തി. ഇവിടെയും നിപയാണെന്ന് സംശയം റിപ്പോർട്ട് ചെയ്തതോടെ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തി. തുടർന്നാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.