കോഴിക്കോട്: ഡിവെെഎഫ്‌ഐ ഉണ്ടായിരുന്നെങ്കിൽ 2002 ൽ ഗുജറാത്ത് വംശീയഹത്യ നടക്കുമായിരുന്നില്ലെന്ന് നടൻ മമ്മൂട്ടി പറഞ്ഞതായി ഡിവെെഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസ്. വർഷങ്ങൾക്കു മുൻപ് ചെന്നെെയിൽ നടന്ന ഡിവെെഎഫ്ഐ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുമ്പോൾ ആണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടന്ന ഡിവെെഎഫ്ഐ വിദ്യാർഥി സംഗമത്തിൽ പ്രസംഗിക്കുമ്പോഴാണ് വർഷങ്ങൾക്കു മുൻപത്തെ അനുഭവം മുഹമ്മദ് റിയാസ് പങ്കുവച്ചത്.
ഗുജറാത്ത് ആവർത്തിക്കുമെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കുറ്റ‌്യാടിയിൽ ബിജെപി നടത്തിയ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. 2002 ലെ ഗുജറാത്ത് വംശീയഹത്യക്ക് ശേഷം നടന്ന ഡിവെെഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി താനും പങ്കെടുത്തിരുന്നു എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ചെന്നെെയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയത് നടൻ മമ്മൂട്ടിയാണ്. അന്ന് മമ്മൂട്ടി ഗുജറാത്ത് കലാപത്തെ കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചെന്ന് മുഹമ്മദ് റിയാസ് വെളിപ്പെടുത്തുന്നു.
Read Also: ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രം: ‘ഷൈലോക്ക്’ റിവ്യൂ
“ഗുജറാത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ഗുജറാത്ത് ഒരു നൊമ്പരമാണ്. പ്രതികരിക്കാൻ ആരും ഇല്ലാതെ പോയി. ഗുജറാത്തിൽ ഡിവെെഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി…” ഉദ്ഘാടന പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞതായി മുഹമ്മദ് റിയാസ് വെളിപ്പെടുത്തി.
കുറ്റ‌്യാടിയിൽ ബിജെപി നടത്തിയ പ്രകടനത്തെ മുഹമ്മദ് റിയാസ് അപലപിച്ചു. ഡിവെെഎഫ്ഐയെ കണ്ണടച്ച് വിശ്വസിക്കാം. നമുക്കൊപ്പം ഉണ്ടെന്ന് തോന്നുന്ന പലരും കണ്ണടച്ചു തുറക്കുമ്പോൾ ഇല്ലാതാകുന്ന അവസ്ഥയാണ്. എന്നാൽ, കണ്ണടക്കുമ്പോഴും തുറക്കുമ്പോഴും ഡിവെെഎഫ്ഐയെ വിശ്വസിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.