കൊച്ചി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലിൽ അക്രമ സംഭവങ്ങളുണ്ടായി. വന്‍ നാശനഷ്ടം ഉണ്ടായ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവര്‍ ആക്രമിക്കപ്പെട്ടു. അതിനിടെ മാധ്യമപ്രവർത്തകയായ ഷാജില അക്രമത്തിന് ഇരയായത് വൻ വാർത്തയായിരുന്നു. കരഞ്ഞ് കൊണ്ട് ജോലി ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ഷാജിലയ്ക്ക് പിന്തുണയുമായി കേരളം അണിനിരന്നു.

ഷാജിലയുടെ ധീരതയ്ക്ക് കൈരളി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങിനിടെ ചാനൽ ചെയർമാൻ കൂടിയായ മമ്മൂട്ടി ഷാജിലയെ അഭിനന്ദിച്ചു. ഷാജിലയെ താന്‍ ഇനി പ്രത്യേകിച്ച് അഭിനന്ദിക്കേണ്ട കാര്യമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുളളവര്‍ പോലും ഷാജിലയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളുടെ കണ്ണുകളാണ് ദൃശ്യമാധ്യമങ്ങളുടെ ക്യാമറ. അത് എപ്പോഴും തുറന്നിരിക്കട്ടെ. അടികൊണ്ടിട്ടും ക്യാമറ താഴെ വയ്ക്കാത്ത ഷാജില ഒരു പ്രതീകമാണ്. സത്യം ജനങ്ങളെ അറിയിക്കുമെന്ന പ്രതിബദ്ധതയുടെ പ്രതീകം. ഷാജിലയുടെ കർമ്മബോധവും ധീരതയും ഈ കാലത്തിനാകെ മാതൃകയാണ്. ഷാജിലയെ ആക്രമിച്ചവരുടെ കണ്ണുകള്‍ തുറക്കട്ടെ,’ മമ്മൂട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ടിരുന്ന കൈരളി ചാനലിന്റെ ക്യാമറാപേഴ്‌സണ്‍ ഷാജില അടക്കമുള്ള മാധ്യപ്രവര്‍ത്തകരെ സംഘപരിവാര്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പരിപാടികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മാധ്യമങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ