കൊച്ചി: കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കായി എടുത്ത് നൽകി ഹൃദയം തൊട്ടിരിക്കുകയാണ് മാലിപ്പുറം സ്വദേശി നൗഷാദ്. ദുരിത ബാധിതർക്കായി തനിക്കുള്ളതെല്ലാം നൽകിയതോടെ സമൂഹ മാധ്യമങ്ങളിലുംനൗഷാദ് താരമായി. വീഡിയോ വെെറലായതോടെ നിരവധി പേരാണ് നൗഷാദിനെ അനുമോദിച്ച് വിളിക്കുന്നത്. ആ ഫോൺകോളുകളിൽ ഒരെണ്ണം നടൻ മമ്മൂട്ടിയുടേത് ആയിരുന്നു. അക്ഷരാർഥത്തിൽ നൗഷാദ് ഞെട്ടിപ്പോയി.

 

നൗഷാദിന്റെ മകന്‍ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിക്കുന്നത്. ഫോണ്‍ എടുത്തത് നൗഷാദ് തന്നെയാണ്. മമ്മൂട്ടി നൗഷാദിനെ അഭിനന്ദിച്ചു. നല്ല സന്തോഷമുള്ള കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ മമ്മൂട്ടി നൗഷാദിന് ഈദ് ആശംസകള്‍ കൂടി നേര്‍ന്നാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

മമ്മൂട്ടി ഫോണിലൂടെ പറഞ്ഞത് ഇങ്ങനെ: “കടയിലുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തൂവെന്ന് കേട്ടു. നല്ല സന്തോഷമായ കാര്യമാണ് ചെയ്തത്. നല്ലൊരു ദിവസമായിട്ട് ‘റാഹത്താ’യ കാര്യങ്ങള്‍ ചെയ്യുക. അതിന് പടച്ചോന്‍ അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്. വല്യേ കാര്യമാണ്. നന്നായി വരട്ടെ. ഈദ് മുബാറക്ക്.”

Read Also: Kerala Weather: ‘കലിയടങ്ങാതെ കാലവർഷം’; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

മമ്മൂട്ടിയുടെ ഫോണ്‍ സംഭാഷണത്തിനിടെ നൗഷാദ് തിരിച്ചുപറഞ്ഞത് രണ്ടേ രണ്ട് കാര്യങ്ങളാണ്. അള്ളാഹൂവിനെ മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം ചെയ്തതെന്നും അത് വൈറലായി പോയെന്നും വളരെ നിഷ്‌കളങ്കമായി നൗഷാദ് മമ്മൂട്ടിയോട് പറഞ്ഞു. ഇത് കേട്ടതും മമ്മൂട്ടി ഫോണിലൂടെ ചിരിക്കാന്‍ തുടങ്ങി. ഫോണ്‍ വയ്ക്കാന്‍ പോകും മുന്‍പ് ആദ്യം ‘ഈദ് മുബാറക്ക്’ ആശംസിച്ചത് നൗഷാദ് തന്നെയാണ്. അതിനു ശേഷമാണ് മമ്മൂട്ടി നൗഷാദിനും ഈദ് ആശംസകള്‍ നേര്‍ന്നത്. നടൻ ജയസൂര്യയും നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു. കടയിലെത്തിയ സംഘത്തെ ഞെട്ടിച്ച് പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’ എന്ന് പറഞ്ഞ് നൗഷാദ് വീണ്ടും ചാക്കുകൾ നിറച്ചു. ഇത് രാജേഷ് ശർമ്മ വീഡിയോയിൽ പകർത്തി. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.