കൊച്ചി: ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് സീരിയൽ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വാർത്തയായിരുന്നു. സീരിയലിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി താൻ സീരിയലിൽ അഭിനയിക്കില്ലെന്നുമായിരുന്നു നിഷ പറഞ്ഞത്.

നിഷയുടെ ആരോപണങ്ങൾക്കുപിന്നാലെ വിഷയത്തിൽ അമ്മ, ആത്മ സംഘടനയും ഫ്‌ളവേഴ്സ് ചാനലും ഇടപെട്ടു. ”അമ്മ, ആത്മ സംഘടനയിൽനിന്നും പലരും വിളിച്ചുവെന്നും എല്ലാവരും മികച്ച പിന്തുണയാണെന്നും” നിഷ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ചാനൽ അധികൃതരും വിഷയത്തിൽ ഇടപെട്ടുവെന്നും നിഷ പറഞ്ഞു.

അമ്മ സംഘടന പിന്തുണ അറിയിച്ചെന്നും മമ്മൂട്ടി വിളിച്ചിരുന്നുവെന്നും നിഷ പറഞ്ഞുവെന്ന് മാല പാർവ്വതി തന്റെ ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്.

ഫ്‌ളവേഴ്സ് ചാനലിൽ തിങ്കൾ മുതൽ വെളളിവരെ രാത്രി എട്ടു മണിയ്ക്കാണ് ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യുന്നത്. ഇതിൽ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അതരിപ്പിക്കുന്നത്. ഏറെ ജനപ്രിയ പരമ്പരയാണിത്.

സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ പ്രധാന ആരോപണം. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: ‘ഇനി ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കില്ല’; സംവിധായകന്‍ പകവെച്ച് പെരുമാറുന്നുവെന്നും നിഷ സാരംഗ്

സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു.

സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. വിഷയത്തില്‍ ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിഷ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. അതേസമയം, തന്നോടുള്ള ദേഷ്യം സീരിയലിലെ കഥാപാത്രത്തെ മോശമാക്കി ചിത്രീകരിച്ച് തീര്‍ക്കുകയാണെന്നും നിഷ ആരോപിക്കുന്നു. ‘ഉപ്പും മുളകിലും’ ഈ സംവിധായകനൊപ്പം തുടരാന്‍ തനിക്ക് കഴിയില്ലെന്നും നിഷ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ