തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മ ദിനം വളരെ രഹസ്യമാണ്. കുടുംബാഗങ്ങള്‍ക്കല്ലാതെ നിഴലുപോലെ കൂടെ നടക്കുന്ന സഖാക്കള്‍ക്ക് പോലും പിണറായിയുടെ ജനന തീയതി അറിയില്ല. എവിടെ നിന്നൊക്കയോ കേട്ട വിവരങ്ങളനുസരിച്ച് ചിലര്‍ ചോദിയ്ക്കും 1944, മാര്‍ച്ച് 21 നല്ലേ സഖാവിന്റെ ജന്മ ദിനം എന്ന്. അപ്പോള്‍ പിണറായി പറയും അതിന്റെ പിറകെ പോകണ്ട, അത് സത്യമല്ല എന്ന്.

പണ്ടൊക്കെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ അധ്യാപകരാണ് കുട്ടികളുടെ ജനന തീയതി കുറിയ്ക്കുന്നത്. മിക്കവരുടെയും ജനനം മാര്‍ച്ചിലായതു കാരണം, തനിക്കും ആ തീയതി എഴുതുകയായിരുന്നു. അപ്പോള്‍ അത്രയും പുറത്ത് പറയാന്‍ കഴിയാത്ത ജന്മ നാളാണോ എന്ന് ചോദിച്ചാല്‍ പിണറായി ഒന്ന് ചിരിയ്ക്കും. ജന്മദിനത്തെ കുറിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നത്.

ഇന്ന് ട്വിറ്ററിലൂടെയാണ് മമത പിറന്നാൾ ആശംസ നേർന്നത്. കർണാടകയിൽ ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പിണറായിയും മമതാ ബാനർജിയും പരസ്‌പരം കണ്ടെങ്കിലും കാണാത്തത് പോലെ ഇരുവരും ഇരിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് പിണറായിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.