ന്യൂഡല്‍ഹി : 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുന്നണി ലക്ഷ്യമിട്ട് മമതാ ബാനര്‍ജി. കഴിഞ്ഞ മൂന്ന് ദിവസമായ് ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇതിനോടകം തന്നെ വിവിധ പ്രാദേശിക പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളുമായ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയെ സംയുക്തമായ് പ്രതിരോധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ” ഞാന്‍ ഓരോ തവണ ഇവിടെ വരുമ്പോഴും സോണിയയെ കാണാറുണ്ട്‌. ഞങ്ങള്‍ തമ്മില്‍ ഊഷ്മളമായൊരു ബന്ധമാണ് നിലനില്‍ക്കുന്നത്. അവരുടെ ആരോഗ്യത്തെ കുറിച്ച് ഞാന്‍ ആരാഞ്ഞ്ജിരുന്നു. ഞങ്ങള്‍ രാഷ്ട്രീയവും സംസാരിച്ചു. പൊതുതിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായ് അഭിമുഖീകരിക്കണം എന്ന് ഞാന്‍ പറഞ്ഞു.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

” കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളോട് സഹകരിക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് തന്നെയാണ് സംസാരിക്കുന്നതും ഉരുത്തിരിഞ്ഞു വരുന്നതും. ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ പറ്റൂ.” മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിനെയും സന്ദര്‍ശിച്ച മമതയ്ക്ക് ബിജെപിയുടെ വിമത നേതാക്കളുടെയും പിന്തുണ ലഭിച്ചു. ശത്രുഘ്നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി എന്നിവര്‍ മമതയുടെ ഉദ്യമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

കെജരിവാളിനോടുള്ള ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെങ്കിലും ഇരു നേതാക്കളും മാധ്യമാങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാക്കള്‍ എന്നിവരുമായും മമത ചര്‍ച്ച നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായ് ഡല്‍ഹിയില്‍ തുടരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വിവിധ പ്രാദേശിക പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

തെലങ്കാന രാഷ്ട്ര സമിതി നേതാവ് ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി, ബിജു ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഡിഎംകെ എന്നീ കക്ഷികളുടെ എംപിമാരുമായും മമത ചര്‍ച്ച നടത്തി.

ഉത്തര്‍പ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പയറ്റി വിജയിച്ച സമാജ്‌വാദി പാര്‍ട്ടി- ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് വേണ്ടിയും മമത സംസാരിച്ചു. അഖിലേഷ് യാദവും മായാവതിയുമായുള്ള ചര്‍ച്ചയുടെ ഇടനിലക്കാരിയാകാനുള്ള സന്നദ്ധതയും മമത അറിയിച്ചു.

ബിജെപിയെ പ്രതിരോധിക്കാന്‍ പാര്‍ലമെന്റിലും പ്രതിപക്ഷം ഐക്യപ്പെടണം എന്ന്‍ മമത ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.