കൊല്ലം: സംസ്ഥാനത്തെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി. കൊല്ലം പട്ടത്താനം സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 50 ലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കൊല്ലം മാടന്‍നട സ്വദേശി മഞ്ജുവിന്റെ വോട്ട് മറ്റാരോ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളിങ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചു.
Read More: കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
സംഭവം ഗൗരവതരമെന്ന് കൊല്ലം കലക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണവും ഇതിനോടകം ആരംഭിച്ചു.
കള്ളവോട്ടിനെ തുടര്‍ന്ന് വോട്ട് നഷ്ടമായ യുവതിക്ക് ബാലറ്റില്‍ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവാദം നല്‍കി. ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണ് കള്ളവോട്ട് ചെയ്തതെന്നാണ് സംശയം. ഇവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ വോട്ട് ചെയ്യാന്‍ ഇവരെ അനുവദിക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണുമെന്നും പരാതി നർകി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മഞ്ജു പറഞ്ഞു.
Read More: കൈപ്പത്തിക്ക് കുത്തിയാൽ തെളിയുന്നത് താമര; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് കലക്ടർ വാസുകി
കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയോടെ പോളിങ് ശതമാനം ഉയർന്നിട്ടുണ്ട്. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് 25 ശതമാനത്തിലേറെ പോളിങ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പാണ് കേരളത്തിൽ നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണൽ.