കൊച്ചി: പ്രളയക്കെടുതിയില്‍ കേരളത്തിലെ ഭൂരിഭാഗം ജില്ലകളും വെള്ളത്തിനടിയിലായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എറണാകുളം, കോഴിക്കോട്, വയനാട്, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലും ബാധിച്ചത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും പലരും ഇപ്പോഴും വീടുകളിലും ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായി.

വീട്ടിനകത്ത് വരെ വെള്ളം കയറിയതോടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ചെമ്പില്‍ ഇരുത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. രണ്ട് വർഷം മുൻപ് ഒരു അഭിമുഖത്തിൽ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോർഗിനി എത്തിക്കാൻ പര്യാപ്തമായ റോഡുകൾ കേരളത്തിലില്ല എന്നായിരുന്നു മല്ലിക പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് സോഷ്യൽ മീഡിയയില്‍ ചിലര്‍ മല്ലികയെ ട്രോളിയത്.

Read More: വെള്ളപ്പൊക്കത്തിൽ വലയുന്നവർക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ

ദുരിതത്തിനിടയിലും മലയാളിയുടെ ക്രൂരതയുടെ അടയാളമായി ഇത്. മക്കള്‍ എവിടെ പോയെന്നും പരിഹാസരൂപേണെ ചോദിച്ചു എന്നാല്‍ എറണാകുളം ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയുടെ ഭാഗമായി നടനായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണ്ണിമ ഇന്ദ്രജിത്തും മക്കളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.

പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്‍ററിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അന്‍പോട് കൊച്ചി എന്ന സംഘടനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ചിലരുടെ പരിഹാസ ചോദ്യങ്ങളുടെ ഉത്തരമെന്ന കണക്കെയാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും പ്രവര്‍ത്തനങ്ങളെ സോഷ്യൽ മീഡിയയും പുകഴ്ത്തുന്നത്.

അരിയും പയറും പരിപ്പും മുണ്ടും നൈറ്റിയും സാനിട്ടറി നാപ്കിൻസും ഉൾപ്പെടെ ഇതുവരെ 150 ടൺ അവശ്യ വസ്തുക്കൾ കേരളത്തിലുടനീളം ഉള്ള ദുരിത ബാധിത സ്ഥലങ്ങളിൽ സംഘടന വിതരണം ചെയ്തു. അതിന്റെ ചുക്കാൻ പിടിച്ച് സിനിമ മേഖലയിൽ നിന്നുള്ള സഹായങ്ങൾ പരമാവധി സ്വീകരിക്കാൻ അക്ഷീണം പരിശ്രമിച്ച് മല്ലിക സുകുമാരന്റെ മകനും മരുമകളും കൊച്ചുമക്കളും തങ്ങളുടെ കൂടെ ഉണ്ടെന്ന് അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ലോറിയിൽ 75 കിലോ അരിച്ചാക്കുകൾ ലോഡ് ചെയ്തവരുടെ ‘ഒപ്പം ഇന്ദ്രേട്ടന്റെ കൈകളും ഉണ്ടെന്ന് അന്‍പോട് കൊച്ചി പ്രവര്‍ത്തകനായ നോബി ആന്റണി പറഞ്ഞു.

ദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള സാധനങ്ങളാണ് കൂട്ടായ്മ ശേഖരിക്കുന്നത്. അവശ്യവസ്തുക്കള്‍ ശേഖരിക്കുന്ന പരിപാടികള്‍ക്ക് ജില്ലാ കലക്ടറും സ്പെഷ്യല്‍ഓഫീസറും നേതൃത്വം നല്‍കുന്നുണ്ട്. ഇതിലാണ് താരങ്ങളും പങ്കാളികളായത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി നടിമാര്‍ എല്ലാവരോടും സഹായം തേടുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. മമ്മൂട്ടി പുത്തന്‍വേലിക്കരയിലെ ക്യാന്പില്‍ എത്തിയിരുന്നു. 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആദ്യമേ തന്നെ തമിഴ് നടന്മാരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. കാര്‍ത്തിയും സൂര്യയും 25 ലക്ഷരൂപ കൊടുത്തപ്പോള്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.