കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും നീലേശ്വരം ഗ്രാമപഞ്ചായത്തും സത്വര നടപടികള്‍ക്കു രൂപം നല്കി. ഇതനുസരിച്ച് തീര്‍ഥാടന കേന്ദ്രത്തിനു ചുറ്റും മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്ക്, അലുമിനിയം പൊതിഞ്ഞ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതു ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ നിരോധിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ 30 വരെയാണ് തീര്‍ഥാടനം. ഈ സമയത്ത് തീര്‍ഥാടന പാതകളില്‍ മാലിന്യം വലിച്ചെറിയുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കട ഉടമകള്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അങ്ങിനെ കണ്ടെത്തുന്നവരില്‍ നിന്നു 10,000 രൂപ വരെ പിഴ ഈടാക്കാന്‍ നീലേശ്വരം ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.

സാധാരണ തീര്‍ഥാടന വേളയില്‍ പ്ലാസ്റ്റിക്ക് കാനുകളും പെറ്റ് ബോട്ടിലുകളും ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പതിവാണ്. ഇതു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മണ്ണിനും ഒരുപോലെ ഭീഷണിയാണ്. ഇപ്പോള്‍ത്തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം ആണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
തീര്‍ഥാടന പാതയില്‍ ഉടനീളം ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിന് പ്രത്യേക സ്റ്റാളുകള്‍ തയാറാക്കും. നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ പോലീസിനും വനംവകുപ്പിനും നീലേശ്വരം ഗ്രാമപഞ്ചായത്തിനും നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.