കൊച്ചി: തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കുത്തേറ്റ് മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാദർ സേവ്യർ തേലക്കാട്ട് (52) ആണ് മുൻ കപ്യാരുടെ കുത്തേറ്റ് മരിച്ചത്. കൊച്ചി ചേരാനെല്ലൂർ സ്വദേശിയാണ് മരിച്ച വൈദികൻ.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു വൈദികനെ മുൻ കപ്യാരായ ജോണി കുത്തുകയായിരുന്നുവെന്നാണ് വിവരം. അതിനുശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

ഫാദർ സേവ്യറിന്റെ ഇടതുകാലിലും തുടയിലുമാണ് കുത്തേറ്റത്. രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഫാദറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1993 ഡിസംബർ 27 നായിരുന്നു സേവ്യർ പൗരോഹിത്യം സ്വീകരിച്ചത്.

ജോണിയെ മൂന്നുമാസം മുൻപ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുളള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ