തിരുവനന്തപുരം: അതിജീവനത്തിന്റെ പുലരി കണികണ്ടുണരുമെന്ന പ്രതീക്ഷയിൽ മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്കിടയിലാണ് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നത്. ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലും പതിവുപോലെ വിഷുക്കണി ഒരുക്കിയെങ്കിലും ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഐശ്വര്യത്തിന്റെ പുതുവർഷം പരസ്‌പരം നേർന്നാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ആശംസ
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെയും പ്രധാനമന്ത്രി വിഷു ആശംസകൾ മലയാളത്തിൽ നേർന്നിട്ടുണ്ട്.
Read Also: കണിവെള്ളരി കണികാണാനില്ലാതെ; കേരളം ലോക്ക്ഡൗൺ കാലത്തെ വിഷുദിനത്തിലേക്ക്
വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിഷു ആശംസകൾ നേർന്നു. പ്രത്യേക സാഹചര്യത്തിൽ ജനങ്ങളുടെ സഹായം ആവശ്യപ്പെടുകയും ചെയ്തു. വിഷു ആഘോഷത്തിന്റെ പ്രധാനമായ ഒരു ഭാഗം വിഷുകൈനീട്ടമാണ്. നമ്മുടെ നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈ നീട്ടം നാടിനുവേണ്ടിയാകട്ടെ എന്ന് ഒരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈന്നീട്ടത്തെ മാറ്റാന്‍ എല്ലാവരും പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നതായും പിണറായി കുറിച്ചു.
നിയന്ത്രണങ്ങൾ ലംഘിക്കരുത്
“ജാഗ്രതയില്‍ തരിമ്പുപോലും കുറവുവരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനം എന്ന അത്യാപത്ത് സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നാം തുടരും. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകൾ പൂർണ്ണമായും ഒഴിവാക്കണം” മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.