പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പിൽ പെയിന്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതി പെയിന്റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലാണ് പാവൂർഛത്രം പൊലീസ്.
അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നുവെന്ന് അതിക്രമത്തിനിരയായ യുവതിയുടെ കുടുംബം പറഞ്ഞു. അക്രമി മദ്യപിച്ചിരുന്നുവെന്നും മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളാണെന്നും അമ്മ പറഞ്ഞു. രണ്ടു പേരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ മകൾക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയുകയുള്ളൂ. മകളുടെ ജോലി സ്ഥലത്ത് സുരക്ഷയുണ്ടായിരുന്നില്ലെന്നും അമ്മ കുറ്റപ്പെടുത്തി.
അതേസമയം, ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.
തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിക്കുനേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. യുവതി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ ക്രൂരമായി മര്‍ദിച്ചു. റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റനിലയില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.