ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനും എൻജിനീയറിങ് വിദ്യാർഥിയുമായ എൻ. ശരത് (19) ആണ് കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കൾക്കു വാട്ട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു.

ആഗസ്ത് മാസം 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണു വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്.

മോചനദ്രവ്യമായി 50 ലക്ഷം നൽകണമെന്നും ഇല്ലെങ്കിൽ ഇവർ ലക്ഷ്യമിടുന്നതു ശരത്തിന്റെ സഹോദരിയെ ആണെന്നും പൊലീസിൽ അറിയിക്കരുതെന്നുമായിരുന്നു വാട്ട്സ്ആപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടത്. ശരത്തിന്റെ മൊബൈൽ ഉപയോഗിച്ച് സഹോദരിയുടെ വാട്സ്ആപ്പ് നമ്പരിലേക്കാണ് സന്ദേശം കൈമാറിയത്.

പിതാവിന്റെ പ്രവർത്തിമൂലം ദുരിതമനുഭവിച്ചവരാണു തന്നെ തട്ടിയെടുത്തതെന്നാണു വിഡിയോയിൽ ശരത്ത് പറയുന്നത്. അപ്പോൾ തന്നെ കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പിന്നീട് ഇവർ സഹോദരിയെ ബന്ധപ്പെട്ടില്ല. ശരത്തിന്റെ ദേഹത്തു കാണാവുന്ന തരത്തിൽ പരുക്കുകളൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിരക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ